ഇഷാന്റെ തീരുമാനം തെറ്റിയതോ; അതോ ക്രിക്കറ്റിന്റെ മാന്യത ഉയർത്തിയതോ? ചർച്ചയാക്കി ആരാധകർ

വൈഡെന്ന് കരുതി ദീപക് ചഹർ തിരിഞ്ഞുനടന്നു. എന്നാൽ അംപയറുടെ കൈകൾ ഔട്ട് വിധിച്ചതുകണ്ട് ദീപക് അത്ഭുതപ്പെട്ടു.

dot image

ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. ഈ വിനോദത്തിന്റെ ഉത്ഭവം മുതലെ ഈ വാചകം പ്രചാരത്തിലുണ്ട്. ക്രിക്കറ്റിന്റെ മാന്യതയെ ഉയർത്തുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഔട്ടെന്ന് ഉറപ്പാണെങ്കിൽ അംപയറുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ പലരും ക്രീസ് വിട്ടിട്ടുണ്ട്. സച്ചിൻ തെണ്ടുൽക്കറും ആദം ​ഗിൽക്രിസ്റ്റും കുമാർ സം​ഗക്കാരയുമെല്ലാം ക്രിക്കറ്റിന്റെ മാന്യതയെ ഉയർത്തിയവരാണ്. ചിലപ്പോഴൊക്കെ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കവുമേറ്റു. പലതാരങ്ങളും അംപയറുടെ തീരുമാനത്തോട് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് താരം ഇഷാൻ കിഷൻ ചെയ്തത് മാന്യമായ പ്രവർത്തിയോ? അതോ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നോ? സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ആരാധകരുടെ ചർച്ച ഇക്കാര്യമാണ്.

മുംബൈ ഇന്ത്യൻസിന്റെ ദീപക് ചഹറാണ് ബൗളർ. ലെ​ഗ്സൈഡിൽ വന്ന പന്ത് ഇഷാന്റെ ഷോട്ടിന്റെ ശ്രമത്തെ മറികടന്ന് വിക്കറ്റ് കീപ്പർ റയാൻ റിക്ലത്തണിന്റെ കൈകളിലെത്തി. വൈഡെന്ന് കരുതി ദീപക് ചഹർ തിരിഞ്ഞുനടന്നു. എന്നാൽ അംപയറുടെ കൈകൾ ഔട്ട് വിധിച്ചതുകണ്ട് ദീപക് അത്ഭുതപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാതെ ആശയകുഴപ്പത്തിലായിരുന്നു അംപയർ വിനോദ് സെഷാൻ. ആദ്യം വൈഡ് വിളിക്കാനാണ് അംപയർ തീരുമാനിച്ചത്. പക്ഷേ അംപയറുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ ഇഷാൻ ക്രീസ് വിട്ട് നടന്നകന്നിരുന്നു. ഇതോടെ ഇഷാന്റെ തീരുമാനമാകും ശരിയെന്ന് കരുതി അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. സംശയമുള്ള തീരുമാനം എടുക്കും മുമ്പ് ഇഷാനെ തിരിച്ചുവിളിക്കാനോ തേർഡ് അംപയറിന്റെ പരിശോധനയ്ക്ക് വിടാനോ ഫീൽഡ് അംപയറും തയ്യാറായില്ല. ക്രിക്കറ്റിന്റെ മാന്യതയെ ഉയർത്തിയ കിഷനെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഉൾപ്പെടെ അഭിനന്ദിക്കുകയും ചെയ്തു.

ടെലിവിഷൻ റിപ്ലേകളിലാണ് കഥയിലെ ട്വിസ്റ്റ് പുറത്തുവന്നത്. ഇഷാൻ കിഷന്റെ ബാറ്റിൽ പന്ത് ടച്ച് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് കിഷൻ ക്രീസ് വിട്ടത്? മാന്യതയല്ല, പഴയ ടീമിനോടുള്ള ഇഷ്ടം ഇപ്പോഴും ഇഷന്റെ മനസിലുണ്ടെന്ന് ആരാധകരിൽ ചിലർ. മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യൻസിന് അനുകൂലമായിരുന്നു അംപയറിന്റെ തീരുമാനമെന്ന് മറ്റുചിലർ പറയുന്നു.

എന്തായാലും സീസണിൽ സെഞ്ച്വറിയോടെ തുടങ്ങിയ ഇഷാൻ കിഷന് പിന്നീടൊരിക്കലും തിളങ്ങാനായിട്ടില്ല. ഹെൻ‍റിച്ച് ക്ലാസന്റെയും അഭിനവ് മനോഹറിന്റെയും മികവിൽ സൺറൈസേഴ്സ് ഭേദപ്പെട്ട സ്കോറിലെത്തി. പക്ഷേ മത്സരം വിജയിക്കാൻ സൺറൈസേഴ്സിന് കഴിഞ്ഞില്ല. വിജയം മുംബൈ ഇന്ത്യൻസിന് പോയിന്റ് പട്ടികയിൽ ഏഴിൽ നിന്നും മൂന്നാം സ്ഥാനത്തെത്തിച്ചു. പക്ഷേ ഇഷാന്റെ തീരുമാനം മാത്രം ബാക്കിയായി.

Content Highlights: Fairplay or brain fade? Ishan Kishan walks, Fans raises his decision

dot image
To advertise here,contact us
dot image