
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ട്. 'ടീമിന്റ വിജയത്തിന് മികച്ച സംഭാവന നൽകാൻ കഴിഞ്ഞതിൽ സന്തോഷം. മുംബൈ ഇന്ത്യൻസിന് മികച്ചൊരു മത്സരമായിരുന്നു ഇത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ അവരെ ഒരു ചെറിയ സ്കോറിൽ ഒതുക്കിയത് അതിശയകരമായിരുന്നു. കൃത്യമായി പന്തെറിയാനും ബാറ്റർമാരെ കുഴപ്പിക്കാനും മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. ബാറ്റർമാരുടെ മേൽ സമ്മർദ്ദം ചെലുത്താനും ശ്രമിച്ചു.' മത്സരത്തിന് ശേഷം ട്രെന്റ് ബോൾട്ട് പ്രതികരിച്ചു.
'എനിക്കിഷ്ടം തുടർച്ചയായി നാല് ഓവറുകൾ എറിയാനും പന്ത് സ്വിങ് ചെയ്യിക്കാനുമാണ്. പക്ഷേ അത് എല്ലായ്പ്പോഴും സംഭവിക്കണമെന്നില്ല. ഏത് സാഹചര്യത്തിൽ എന്നെ ബൗളിങ്ങിന് വിളിച്ചാലും നന്നായി പന്തെറിയണം. ഒരു നല്ല യോർക്കർ എറിഞ്ഞാൽ ബാറ്റർമാർ ബുദ്ധിമുട്ടും. വിക്കറ്റുകൾ നേടുന്നത് ഏറെ സന്തോഷം നൽകുന്നു.' ബോൾട്ട് വ്യക്തമാക്കി.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഏഴ് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തിട്ടുണ്ട്. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് വിജയലക്ഷ്യത്തിലെത്തി. നാല് ഓവറിൽ 26 റൺസ് വിട്ടുകൊടുത്ത ബോൾട്ട് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: I’d love to bowl four in a row and let it swing but that doesn’t always happen: Trent Boult