
ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ ഒടുവിൽ ഫോമിലേക്ക് ഉയർന്നിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് മുമ്പ് രോഹിത് ഈ സീസണിൽ നേടിയ സ്കോറുകൾ 0, 8, 13, 17, 18, 26 എന്നിങ്ങനെയായിരുന്നു. എന്നിരുന്നാലും ഐപിഎല്ലിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ രോഹിത് അർധ സെഞ്ച്വറി നേടി. ഐപിഎല്ലിൽ ഒമ്പത് വർഷത്തിന് ശേഷമാണ് രോഹിത് ശർമ തുടർച്ചയായി രണ്ട് അർധ സെഞ്ച്വറികൾ നേടുന്നത്.
ചെന്നൈ സൂപ്പർ കിങ്സിനെതിരെ 45 പന്തിൽ പുറത്താകാതെ 76 റൺസും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 46 പന്തിൽ 70 റൺസുമാണ് രോഹിത് നേടിയത്. ഇതിന് മുമ്പ് 2016 ലാണ് രോഹിത് ഐപിഎല്ലിൽ തുടർച്ചയായി അർധ സെഞ്ച്വറികൾ നേടിയത്. അന്ന് കൊൽക്കത്തയ്ക്കെതിരെ പുറത്താകാതെ 68 റൺസും പിന്നീട് പൂനെ വാരിയേഴ്സിനെതിരെ 85 റൺസും രോഹിത് ശർമ അടിച്ചെടുത്തു.
അതിനിടെ രോഹിത് ശർമയുടെ തകർപ്പൻ പ്രകടനത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെയും പരാജയപ്പെടുത്തി. ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തിട്ടുണ്ട്. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് വിജയലക്ഷ്യത്തിലെത്തി.
Content Highlights: Rohit Sharma Brings Up Consecutive Fifties After 9 IPL Seasons