'സഞ്ജു ടീമിനൊപ്പം സഞ്ചരിക്കാതിരുന്നത് പരിക്ക് ​ഗുരുതരമാവാതിരിക്കാൻ'; വ്യക്തമാക്കി ദ്രാവിഡ്

'ടീമിനോടപ്പമുള്ള മെഡിക്കൽ സംഘവും സഞ്ജുവിന്‍റെ പരിക്ക് ഭേദമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.'

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളുമായി ടീം പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന റോയല്‍ ചഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സഞ്ജുവിന്‍റെ പരിക്കിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ് പ്രതികരണം നടത്തിയത്.

'ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. അതുകൊണ്ടാണ് താരം ടീമിനൊപ്പം ബെംഗളരുവിലേക്ക് വരാതിരുന്നത്. ടീമിനോടപ്പമുള്ള മെഡിക്കൽ സംഘവും സഞ്ജുവിന്‍റെ പരിക്ക് ഭേദമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ടീം ഫിസിയോയും സഞ്ജുവിനൊപ്പമുണ്ട്. എന്നാൽ സഞ്ജുവിന് ഇനി എപ്പോൾ കളിക്കാൻ കഴിയുമെന്ന് എനിക്ക് കൃത്യമായി പറയാനാവില്ല. ഇന്നത്തെ മത്സരത്തിന് ശേഷം 27നാണ് രാജസ്ഥാൻ റോയൽസ് വീണ്ടും കളത്തിലെത്തുക. സഞ്ജുവിന്റെ പരിക്ക് മാറാനായി കാത്തിരിക്കുക മാത്രമാണ് ചെയ്യാനുള്ളത്.' ദ്രാവിഡ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ എട്ട് മത്സരങ്ങൾ പിന്നിടുന്ന രാജസ്ഥാൻ റോയൽസിന് രണ്ടിൽ മാത്രമാണ് വിജയം നേടാനായത്. പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് സഞ്ജുവിന്റെ ടീം. സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിലും കൈവിരലിനേറ്റ പരിക്കിനെ തുടർന്ന് ഇംപാക്ട് താരമായാണ് സഞ്ജു കളിച്ചത്. പിന്നീട് മടങ്ങിയെത്തിയെങ്കിലും വീണ്ടും പരിക്കേൽക്കുകയായിരുന്നു. റിയാൻ പരാ​ഗാണ് സ‍ഞ്ജുവിന്റെ പകരം നായകൻ.

Content Highlights: Rahul Dravid Provides Crucial Injury Update On Sanju Samson

dot image
To advertise here,contact us
dot image