ചെപ്പോക്ക് കോട്ട തകരുന്നത് CSK അറിയുന്നുണ്ടോ? കൈവശം വെച്ച റെക്കോർഡുകൾ വീഴുന്നു

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി സൺറൈസേഴ്സ് ഹൈദരാബാദിനോടും ചെപ്പോക്കിൽ ചെന്നൈ പരാജയപ്പെട്ടു

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് സ്വന്തം സ്റ്റേഡിയമായ ചെപ്പോക്കിൽ സ്വാധീനം കുറയുന്നതായി ആരാധക വിലയിരുത്തൽ. ഐപിഎൽ സീസണിൽ മൂന്ന് റെക്കോർഡുകളാണ് ചെന്നൈ ചെപ്പോക്കിൽ കൈവിട്ടത്. 17 വർഷത്തിന് ശേഷം റോയൽ ചലഞ്ചേഴ്സിനോടും 15 വർഷത്തിന് ശേഷം ഡൽഹി ക്യാപിറ്റൽസിനോടും ഐപിഎൽ ചരിത്രത്തിൽ ആദ്യമായി സൺറൈസേഴ്സ് ഹൈദരാബാദിനോടും ചെപ്പോക്കിൽ ചെന്നൈ പരാജയപ്പെട്ടു. ഇതോടെയാണ് ഹോം സ്റ്റേഡിയമായ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിന് സ്വാധീനം കുറയുന്നതായി ആരാധകർ വിലയിരുത്തുന്നത്.

2008ലെ പ്രഥമ ഐപിഎല്ലിൽ മാത്രമാണ് റോയൽ ചലഞ്ചേഴ്സിന് ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിൽ തോൽപ്പിക്കാൻ സാധിച്ചത്. പിന്നീട് 16 സീസണുകളിൽ ചെപ്പോക്കിൽ ആർസിബിക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ ഇത്തവണ ആർസിബി ചരിത്രം തിരുത്തിയെഴുതി. 2010ൽ അന്നത്തെ ഡൽഹി ഡെയർഡെവിൾസ് ചെന്നൈയെ ചെപ്പോക്കിൽ തോൽപ്പിച്ചിരുന്നു. വീണ്ടും ചെന്നൈയ്ക്കെതിരെ ചെപ്പോക്കിൽ ഒരു ജയത്തിനായി ഡൽഹി 2025ലെ ഐപിഎൽ വരെ കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ ഡൽഹി ഡെയർഡെവിൾസ് ഡൽഹി ക്യാപിറ്റൽസായി മാറുകയും ചെയ്തു.

2013ൽ ഡെക്കാൻ ചാർജ്ജേഴ്സിന് പകരമായി ഐപിഎല്ലിലേക്ക് കടന്നുവന്ന ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ കാലമിത്ര ആയിട്ടും ചെപ്പോക്കിൽ ചെന്നൈയ്ക്കെതിരെ ഒരു വിജയം നേടാൻ സൺറൈസേഴ്സിന് സാധിച്ചിരുന്നില്ല. ഒടുവിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെപ്പോക്ക് കോട്ടയിൽ സൺറൈസേഴ്സും വിജയം നേടി. അഞ്ച് വിക്കറ്റ് വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷകളും നിലനിർത്തി.

Content Highlights: CSK suffered another historical defeat at Chepauk fortress

dot image
To advertise here,contact us
dot image