
ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന് സന്തോഷവാർത്ത. 'പരിക്കിനെ തുടർന്ന് അഞ്ച് മത്സരങ്ങൾ നഷ്ടപ്പെട്ട ഡൽഹിയുടെ സീനിയർ ഓപ്പണിങ് ബാറ്റർ ഫാഫ് ഡു പ്ലെസിസ് കായികക്ഷമത വീണ്ടെടുത്ത് തിരിച്ചുവരവിനൊരുങ്ങുന്നു. ഡൽഹിയുടെ ഓപ്പണിങ് ബാറ്റർ ജേക്ക് ഫ്രേസർ-മക്ഗർക്ക് ശനിയാഴ്ച മത്സരത്തിന് മുന്നോടിയുള്ള വാർത്താ സമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു. എനിക്ക് ലഭിച്ച അറിവുവെച്ച് നാളെ ഡു പ്ലെസി കളിക്കാൻ ഉണ്ടാകും', വാർത്താസമ്മേളനത്തിൽ മക്ഗർഗ് പ്രതികരിച്ചു.
ഐപിഎല്ലിൽ തന്റെ മോശം ഫോമിനെക്കുറിച്ചും മക്ഗർഗ് സംസാരിച്ചു. 'എനിക്ക് ഇനിയും ഒരുപാട് അവസരങ്ങളുണ്ടെന്ന് ഡൽഹി ടീം ക്യാപ്റ്റൻ അക്സർ പട്ടേൽ പറഞ്ഞിട്ടുണ്ട്. ഡൽഹിക്കായി മികച്ച പ്രകടനങ്ങൾ നടത്താൻ എനിക്ക് കഴിയുന്ന ഒരുപാട് മത്സരങ്ങൾ ഇനിയും വരും', അക്സർ തന്നോട് പറഞ്ഞതായി മക്ഗർഗ് വെളിപ്പെടുത്തി.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങൾ കളിച്ച ഡൽഹി ആറ് വിജയങ്ങൾ ഉൾപ്പെടെ 12 പോയിന്റ് നേടിയിട്ടുണ്ട്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ എട്ട് മത്സരങ്ങളിൽ ആറ് വിജയങ്ങൾ നേടിയ ഗുജറാത്ത് ടൈറ്റൻസ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാമൻ. റോയൽ ചലഞ്ചേഴ്സ് മൂന്നാമതും പഞ്ചാബ് കിങ്സ് നാലാമതുമുണ്ട്.
Content Highlights: Great News For DC! Faf Du Plessis To Return From Injury Against RCB