'ഇന്ത്യൻ താരങ്ങളിൽ വിശ്വാസമില്ല'; പഞ്ചാബ് ഐപിഎൽ കിരീടം നേടില്ലെന്ന് മനോജ് തിവാരി

റിക്കി പോണ്ടിങ് ഫോമിലുള്ള ഇന്ത്യൻ ബാറ്റർമാരായ നെഹാൽ വധേരയെയും ശശാങ്ക് സിങ്ങിനെയും ഇറക്കാതെ, വിദേശ കളിക്കാരെ ക്രീസിലേക്കയച്ചു

dot image

ഐപിഎൽ ടീം പഞ്ചാബ് കിങ്സിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മുൻ താരവും ബം​ഗാൾ കായികമന്ത്രിയുമായ മനോജ് തിവാരി. ഇന്ത്യൻ താരങ്ങളുടെ കഴിവിൽ വിശ്വാസമില്ലെങ്കിൽ ഐപിഎൽ കിരീടം നേടാനാകില്ലെന്നാണ് തിവാരിയുടെ വിമർശനം. 'ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് ബാറ്റ് ചെയ്യുമ്പോൾ ഞാൻ കണ്ടതുവെച്ച് എന്റെ മനസ്സ് പറയുന്നത് ഈ സീസണിൽ പഞ്ചാബ് ടീമിന് ഐപിഎൽ കിരീടം നേടാൻ സാധിക്കില്ല എന്നാണ്. കാരണം പരിശീലകൻ റിക്കി പോണ്ടിങ് ഫോമിലുള്ള ഇന്ത്യൻ ബാറ്റർമാരായ നെഹാൽ വധേരയെയും ശശാങ്ക് സിങ്ങിനെയും ഇറക്കാതെ, വിദേശ കളിക്കാരെ ക്രീസിലേക്കയച്ചു. അവർക്ക് നന്നായി കളിക്കാനും കഴിഞ്ഞില്ല. ഇത് ഇന്ത്യൻ താരങ്ങളുടെ കഴിവിൽ വിശ്വസിക്കാത്തത് പോലെ തോന്നി. ഇതേ രീതിയിലാണ് പോകുന്നതെങ്കിൽ‌ പഞ്ചാബ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയാലും കിരീടം അകലെയായിരിക്കും.' തിവാരി പ്രതികരിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. 49 പന്തിൽ ആറ് ഫോറും ആറ് സിക്സറും സഹിതം 83 റൺസെടുത്ത പ്രഭ്സിമ്രാൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 35 പന്തിൽ എട്ട് ഫോറും നാല് സിക്സറും സഹിതം പ്രിയാൻഷ് ആര്യ 69 റൺസും നേടി. ഇരുവരും തമ്മിലുള്ള ഒന്നാം വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർത്തു.

മൂന്നാം നമ്പറിൽ ശ്രേയസ് അയ്യർ പഞ്ചാബിനായി ക്രീസിലെത്തി. പിന്നാലെ മോശം ഫോമിലുള്ള ​ഗ്ലെൻ മാക്സ്‍വെല്ലാണ് പഞ്ചാബിനായി ബാറ്റ് ചെയ്യാനെത്തിയത്. ഏഴ് റൺസാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർക്ക് നേടാനായത്. അഞ്ചാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കൻ മാർകോ ജാൻസൻ മൂന്ന് റൺസുമായും മടങ്ങി. 16 പന്തിൽ ഒരു ഫോറും ഒരു സിക്സറും സഹിതം 25 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്താകാതെ നിന്നു.

Content Highlights: Manoj Tiwary said that he believes Punjab Kings will not win the IPL

dot image
To advertise here,contact us
dot image