ചരിത്രം കുറിച്ച് പ്രഭ്സിമ്രാൻ സിങ്; പഞ്ചാബിനായി 1,000 റൺസെടുക്കുന്ന ആദ്യ അൺക്യാപ്ഡ് താരം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 49 പന്തിൽ ആറ് ഫോറും ആറ് സിക്സറും സഹിതം 83 റൺസെടുക്കാനും പ്രഭ്സിമ്രാന് സാധിച്ചു

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി ചരിത്രം കുറിച്ച് പ്രഭ്സിമ്രാൻ സിങ്. പഞ്ചാബ് കിങ്സിനായി 1,000 റൺസെടുക്കുന്ന ആദ്യ അൺക്യാപ്ഡ് താരമാണ് പ്രഭ്സിമ്രാൻ സിങ്. നിലവിൽ പഞ്ചാബിനായി കൂടുതൽ റൺസെടുത്ത അൺക്യാപ്ഡ് താരമെന്ന റെക്കോർഡും പ്രഭ്സിമ്രാന് സ്വന്തമാണ്. 2013 മുതൽ 2017 വരെ പഞ്ചാബിനായി കളിച്ചിരുന്ന മനൻ വോറ 45 മത്സരങ്ങളിൽ നിന്ന് 957 റൺസും നേടിയിരുന്നു. ഇപ്പോൾ കളിക്കുന്ന താരങ്ങളിൽ ശശാങ്ക് സിങ് 23 മത്സരങ്ങളിൽ നിന്ന് 512 റൺസെടുത്തിട്ടുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 49 പന്തിൽ ആറ് ഫോറും ആറ് സിക്സറും സഹിതം 83 റൺസെടുക്കാനും പ്രഭ്സിമ്രാന് സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിനായി തുടക്കത്തിൽ പതിഞ്ഞ താളത്തിലാണ് പ്രഭ്സിമ്രാൻ ബാറ്റ് ചെയ്തത്. ആദ്യ 32 പന്തിൽ 34 റൺസ് മാത്രമാണ് താരം നേടിയത്. പിന്നാലെ ​ഗിയർ മാറ്റിയ പ്രഭ്സിമ്രാൻ അടുത്ത 17 പന്തിൽ 49 റൺസെടുത്തു.

11-ാം ഓവറിന്റെ ആദ്യ പന്തിൽ നരെയ്നെ സിക്സർ നേടിയത് പ്രിയാൻഷ് ആര്യയായിരുന്നു. രണ്ടാം പന്തിൽ പ്രിയാൻഷ് സിം​ഗിൾ എടുത്തതോടെ പ്രഭ്സിമ്രാൻ സ്ട്രൈക്കിൽ എത്തി. തൊട്ടടുത്ത പന്തിൽ നരെയ്നെ സ്വിച്ച് ഹിറ്റിലൂടെ പ്രഭ്സിമ്രാൻ നിലം തൊടാതെ അതിർത്തി കടത്തി. പ്രിയാൻഷ് ആര്യയ്ക്കൊപ്പം ആദ്യ വിക്കറ്റിൽ 120 റൺസെടുക്കാനും പ്രഭ്സിമ്രാന് സാധിച്ചു.

അതിനിടെ പഞ്ചാബ് കിങ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. പഞ്ചാബ് ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിലേക്ക് കൊൽക്കത്ത ബാറ്റ് ചെയ്യവെയാണ് മത്സരം മഴ തടസപ്പെടുത്തിയത്. കനത്ത മഴ തുടർന്നതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റൺസെടുത്ത് നിൽക്കവെയാണ് മഴ വില്ലനായത്. പിന്നീട് മത്സരം പുനരാരംഭിക്കാൻ സാധിച്ചില്ല.

Content Highlights: Prabhsimran Singh becomes first uncapped PBKS batter to 1000 runs in IPL

dot image
To advertise here,contact us
dot image