റഫറിക്ക് നേരെ ഐസ് എറിഞ്ഞ് ആന്റോണിയോ റൂഡിഗർ; എൽ ക്ലാസിക്കോയിൽ റയലിന് ലഭിച്ചത് മൂന്ന് റെഡ് കാർഡുകൾ

മോശം പെരുമാറ്റത്തിന് റൂഡി​ഗറിന് കൂടുതൽ മത്സരങ്ങളിൽ വിലക്ക് ലഭിച്ചേക്കും

dot image

കോപ്പ ഡെൽ റെ ഫുട്ബോൾ ഫൈനലിൽ റയൽ മാഡ്രിഡിന് ലഭിച്ചത് മൂന്ന് റെഡ് കാർഡുകൾ. റഫറി റിക്കാര്‍ഡോ ഡി ബര്‍ഗോസിനെതിരെ പ്രതിഷേധം ഉയർത്തിയതിന് ആന്റോണിയോ റുഡ്രി​ഗർ, ലൂക്കാസ് വാസ്ക്വസ്, ജുഡ് ബെല്ലിങ്ഹാം എന്നിവർക്കാണ് ചുവപ്പ് കാർഡുകൾ ലഭിച്ചത്. ഇതിൽ ആന്റോണിയോ റൂഡിഗർ റഫറിക്ക് നേരെ ഐസ് എറിഞ്ഞാണ് പ്രതിഷേധം ഉയർത്താൻ ശ്രമിച്ചത്.

മത്സരത്തിന്റെ 118-ാം മിനിറ്റിലാണ് സംഭവം. 116-ാം മിനിറ്റിൽ ജുൽസ് കുൻഡെയുടെ ​ഗോളിലൂടെ ബാഴ്സലോണ 3-2ന് മുന്നിലെത്തി. പിന്നാലെ സമനില ​ഗോൾ കണ്ടെത്താനായി ബാഴ്സ ബോക്സിലെത്തിയ റയൽ താരം കിലിയൻ എംബാപ്പെ ഫൗൾ ചെയ്യപ്പെട്ടു. എന്നാൽ വിനീഷ്യസ് ജൂനിയർ ഓഫ്സൈഡിലായിരുന്നതിനാൽ റയലിന് പെനാൽറ്റി അനുവദിക്കപ്പെട്ടില്ല. ഇതാണ് ആന്റോണിയോ റൂഡി​ഗറിനെ ദേഷ്യം പിടിപ്പിച്ചത്.

കളത്തിന് പുറത്തായിരുന്ന റൂഡി​ഗർ കടുത്ത പ്രതിഷേധമാണ് റഫറിക്ക് നേരെ ഉയർത്തിയത്. ഇതിന് റഫറി താരത്തിന് നേരെ ചുവപ്പ് കാർഡ് ഉയർത്തുകയും ചെയ്തു. പിന്നാലെയാണ് റഫറിക്ക് നേരെ ഐസ് എറിഞ്ഞ് പ്രതിഷേധിച്ചത്. മോശം പെരുമാറ്റത്തിന് റൂഡി​ഗറിന് കൂടുതൽ മത്സരങ്ങളിൽ വിലക്ക് ലഭിച്ചേക്കും. താരത്തിന്റെ പ്രതിഷേധത്തെ പിന്തുണച്ച് രം​ഗത്തെത്തിയതാണ് വാസ്ക്വസ്, ബെല്ലിങ്ഹാം എന്നിവർ ചുവപ്പ് കാർഡ് കാണാൻ ഇടയായത്.

കഴിഞ്ഞ ദിവസം റിക്കാര്‍ഡോ ഡി ബര്‍ഗോസിനെ ഫൈനൽ മത്സരം നിയന്ത്രിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റയൽ മാഡ്രിഡ് രം​ഗത്തെത്തിയിരുന്നു. കോപ്പ ഡെൽ റേ ഫൈനലിന് മുമ്പ് റിക്കാർഡോ നടത്തിയ പത്രസമ്മേളനമായിരുന്നു കാരണം. കോപ്പ ഡെല്‍ റേ ഫൈനലിന് മുമ്പ് റിക്കാര്‍ഡോയുടെ റഫറിയിങ്ങിലെ പിഴവുകളെക്കുറിച്ച് റയല്‍ മാഡ്രിഡ് ടിവി ഒരു വീഡിയോ പരമ്പര സംപ്രേഷണം ചെയ്തിരുന്നു. ഇതോടെയാണ് റിക്കാർഡോ വാർത്താസമ്മേളനം വിളിച്ചുചേർത്തത്. മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി സംസാരിച്ച റിക്കാർഡോ വീഡിയോ പരമ്പര തന്റെ കുടുംബത്തെ മോശമായി ബാധിച്ചെന്ന് പറഞ്ഞിരുന്നു.

Content Highlights: Rudiger throws ice at the referee and is red carded in the Copa del Rey final

dot image
To advertise here,contact us
dot image