CHASE MASTER VIRAT; സീസണിൽ RCB രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ കോഹ്‍ലിയുടെ ബാറ്റിങ് ശരാശരി 245

തുടർച്ചയായ ആറാം എവേ മത്സരത്തിലും ആർസിബി വിജയം നേടിയിരിക്കുകയാണ്. ഇതിൽ നാലിലും രണ്ടാമത് ബാറ്റ് ചെയ്തായിരുന്നു ആർസിബി ജയം.

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു തുടർച്ചയായ ആറാം എവേ മത്സരത്തിലും വിജയം നേടിയിരിക്കുകയാണ്. ഇതിൽ നാലിലും രണ്ടാമത് ബാറ്റ് ചെയ്തായിരുന്നു റോയൽ ചലഞ്ചേഴ്സിന്റെ വിജയം. ഇതിന് കാരണമായത് വിരാട് കോഹ്‍ലിയെന്ന ചെയ്സ് മാസ്റ്ററും. ആർസിബിയുടെ എവേ മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ വിരാട് ആകെ നേടിയത് 245 റൺസാണ്. നാല് അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഒരു മത്സരത്തിൽ മാത്രമാണ് കോഹ്‍ലിയെ പുറത്താക്കാൻ എതിരാളികൾക്ക് സാധിച്ചത്. നിലവിൽ എവേ മത്സരങ്ങളിൽ ചെയ്സിങ്ങിൽ കോഹ്‍ലിയുടെ ബാറ്റിങ് ശരാശരി 245 റൺസാണ്.

സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു ആർസിബിയുടെ ആദ്യ എവേ മത്സരം. 59 റൺസുമായി കോഹ്‍ലി സീസണിലെ ഉദ്​ഘാടന മത്സരത്തിൽ പുറത്താകാതെ നിന്നു. രാജസ്ഥാൻ റോയൽസിനെതിരെ ജയ്പൂരിൽ പുറത്താകാതെ 62 റൺസാണ് കോഹ്‍ലി നേടിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പുറത്താകാതെ 73 റൺസും കോഹ്‍ലി നേടി. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ 51 റൺസും കോഹ്‍ലി നേടി. എവേ മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ ഇന്നലെ മാത്രമാണ് കോഹ്‍ലിയുടെ വിക്കറ്റെടുക്കാൻ എതിരാളികൾക്ക് സാധിച്ചത്.

മുംബൈ ഇന്ത്യൻസിനെതിരെയും ചെന്നൈ സൂപ്പർ കിങ്സിനെതിരെയും റോയൽ ചലഞ്ചേഴ്സ് എവേ മത്സരങ്ങൾ കളിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തായിരുന്നു റോയൽ ചലഞ്ചേഴ്സിന്റെ വിജയം. സ്വന്തം സ്റ്റേഡിയമായ ബെം​ഗളൂരു ചിന്നസ്വാമിയിൽ നാല് മത്സങ്ങൾ കളിച്ച റോയൽ ചലഞ്ചേഴ്സ് മൂന്നിലും പരാജയപ്പെട്ടു. ഈ മൂന്നിലും ആർസിബി ആദ്യം ബാറ്റ് ചെയ്തിരുന്നു. ചിന്നസ്വാമിയിൽ വിജയിച്ച ഏക മത്സരത്തിലും ആർസിബിയായിരുന്നു ആദ്യം ബാറ്റ് ചെയ്തത്.

സീസണിൽ ആകെ 10 മത്സരങ്ങൾ കളിച്ച കോഹ്‍ലി 443 റൺസെടുത്തിട്ടുണ്ട്. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്‍ലിയാണ്.

Content Highlights: Kohli has an average of 245.00 while chasing

dot image
To advertise here,contact us
dot image