
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും അതിന് പാകിസ്താനെ കുറ്റപ്പെടുത്തുമെന്ന് പാക് മാധ്യമമായ സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു. കശ്മീരില്‍ എട്ട് ലക്ഷത്തോളം സൈനികരുണ്ടായിട്ടും ഇതുവരെയും ഭീകരാക്രമണം നടത്തിയവരെ പിടിക്കാനായില്ലെങ്കിൽ അത് ഇന്ത്യയുടെ പിടിപ്പുകേടാണെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
'ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം മതിയായ തെളിവുകളില്ലാതെയെന്ന് പറഞ്ഞ് അഫ്രീദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലോക രാജ്യങ്ങൾക്ക് മുന്നിൽ പാകിസ്താനെ ഇകഴ്ത്തി കാണിക്കനാണ് ഇന്ത്യ ശ്രമിക്കുന്നത്, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്, ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്.' അഫ്രീദി കഴിഞ്ഞ ദിവസം കുറിച്ചു.
ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ഇത് ബാധിക്കരുതെന്നും അഫ്രീദി വ്യക്തമാക്കി.അനാവശ്യമായ പഴിചാരലുകളും പോരാട്ടങ്ങളും സാഹചര്യം കൂടുതല്‍ വഷളാക്കും. കായിക മേഖലയില്‍, പ്രത്യേകിച്ച് ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതിരിക്കണം. അതാണു നല്ലത്.' അഫ്രീദി പ്രതികരിച്ചു.
അതേസമയം ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന് പാകിസ്താന്‍ വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആതിഥേയരാകുന്ന വനിതാ ലോകകപ്പില്‍ പാകിസ്താൻ മത്സരങ്ങള്‍ യുഎഇയിലോ ശ്രീലങ്കയിലോ നടത്തുമെന്നാണ് പ്രതീക്ഷയെന്നും പാക് ഓപ്പണര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസങ്ങളിൽ നടന്ന പാകിസ്താൻ ആതിഥേയരായിട്ടുള്ള ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ദുബായിലാണ് കളിച്ചിരുന്നത്.
Content Highlights: shahid afridi on pahalgam attack again