
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വിരാട് കോഹ്‍ലിയെ 'ഒബ്‌സ്ട്രക്ടിങ് ദ ഫീൽഡി'ന് പുറത്താക്കാൻ കഴിയുമായിരുന്നതായി ചൂണ്ടിക്കാട്ടി ആരാധകർ. എന്നാൽ ഡൽഹി താരങ്ങൾ ഔട്ടിനായി അപ്പീൽ ചെയ്യാതിരുന്നതാണ് മത്സരത്തിൽ നിർണായകമായത്. പിന്നാലെ അർധ സെഞ്ച്വറിയുമായി റോയൽ ചലഞ്ചേഴ്സിന്റെ വിജയം ഉറപ്പിച്ചതിന് ശേഷമാണ് കോഹ്‍ലി പുറത്തായത്.
മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ഇന്നിങ്സിന്റെ ഏഴാം ഓവറിലാണ് സംഭവം. സ്പിന്നർ വിപ്രജ് നിഗം എറിഞ്ഞ പന്ത് തട്ടിയിട്ട കോഹ്‍ലി റൺസിനായി ഓടിയില്ല. കുൽദീപ് യാദവ് പന്തെടുത്ത് വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന് നൽകി. എന്നാൽ രാഹുലിന് മുമ്പ് തന്നെ കോഹ്‍ലി പന്ത് കൈപ്പിടിയിലാക്കി ബൗളർക്ക് കൈമാറി. ഈ സമയത്ത് ഫീൽഡിങ്ങിന് തടസമുണ്ടാക്കിയതിന് കുൽദീപ് യാദവ് തമാശപൂർവ്വം അപ്പീൽ ചെയ്തു. എന്നാൽ ശരിക്കും അപ്പീൽ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ കോഹ്‍ലി ഔട്ടാകുമായിരുന്നു.
— The Game Changer (@TheGame_26) April 28, 2025
റണ്‍സിനായി ഓടിയില്ലെങ്കിലും പന്ത് ചലനത്തിൽ ആണെങ്കിൽ ബാറ്റര്‍ ശരീരം കൊണ്ടോ ബാറ്റു കൊണ്ടോ പന്ത് തൊടുകയോ തടയുകയോ ചെയ്താൽ ഐപിഎല്‍ നിമയമനുസരിച്ച് ബാറ്ററുടെ വിക്കറ്റ് നഷ്ടമാകാം. ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ് എന്ന നിയമം അനുസരിച്ച് ഫീല്‍ഡിങ് ടീം അപ്പീല്‍ ചെയ്താല്‍ അംപയര്‍ക്ക് വീഡിയോ പരിശോധിച്ചശേഷം ബാറ്ററെ പുറത്താക്കാം. കോഹ്‍ലി തന്റെ വിക്കറ്റ് റൺഔട്ടിലൂടെയോ മറ്റോ നഷ്ടമാകുന്നത് തടയണമെന്ന ഉദ്ദേശമില്ലാതെ പന്ത് കൈപ്പിടിയിലാക്കിതുകൊണ്ടാണ് ഡൽഹി താരങ്ങൾ അപ്പീൽ ചെയ്യാതിരുന്നത്. ഇതോടെ ബാറ്റിങ് തുടരാനും താരത്തിന് സാധിച്ചു.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് റോയൽ ചലഞ്ചേഴ്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി.
Content Highlights: Virat Kohli Catches Throw While Batting, Kuldeep Yadav's 'Obstruction' Appeal Wins Internet