ത്രിരാഷ്ട്ര ഏകദിന പരമ്പര; ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ

ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയേയും ഇന്ത്യ തോൽപ്പിച്ചിരുന്നു.

dot image

ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയവുമായി ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യൻ വനിതകൾ ജയിച്ചുകയറിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 261 റൺസിന് ഓൾ ഔട്ടായി.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 140 റൺസെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക. അവസാന ഓവറുകളിലെ ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തകർച്ചയാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യയ്ക്കായി സ്നേഹ് റാണ 10 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണർ ടാസ്മിൻ ബ്രിട്സ് സെഞ്ച്വറി നേടി. 109 റൺസ് ആണ് താരം നേടിയത്. സഹ ഓപ്പണർ ലോറ വോൾവാർത്ത് 43 റൺസെടുത്തു.

നേരത്തെ അർധസെഞ്ചറി നേടിയ ഓപ്പണർ പ്രതിക റാവലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ശക്തമായ സ്കോറിലേക്ക് എത്തിയത്. പ്രതിക 91 പന്തിൽ 78 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. സ്മൃതി മന്ദാന 36 റൺസും ഹർമൻപ്രീത് കൗർ 41 റൺസും ഹർലീൻ ഡിയോൾ 29 റൺസും ജമീമ റോഡ്രിഗസ് 41 റൺസും റിച്ച ഘോഷ് 24 റൺസും എടുത്ത് ഭേദപ്പെട്ട സംഭാവന നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി നോൻകുലുലേകോ എംലാബ രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയേയും ഇന്ത്യ തോൽപ്പിച്ചിരുന്നു.

Content Highlights: India Women vs South Africa Women, 2nd Match

dot image
To advertise here,contact us
dot image