പോർച്ചുഗീസ് ഫുട്ബോൾ ക്ലബായ സ്പോർട്ടിങ് ലിസ്ബൺ മാനേജർ റൂബൻ അമോറിമുമായുള്ള കരാർ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്പോർട്ടിങ് ലിസ്ബണുമായി എറിക് ടെൻഹാഗിനു പകരം റൂബനെ കോച്ചായി നിയമിച്ചുള്ള കരാർ യുണൈറ്റഡ് പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. ക്ലബ് അമോറിമിന്റെ 19 മില്യൺ യൂറോ റിലീസ് ക്ലോസ് പാലിക്കാൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാർ പ്രകാരം സ്പോർട്ടിങ്ങിന്റെ അടുത്ത മൂന്ന് മത്സരങ്ങളിൽ കൂടി റൂബൻ അമോറിം സ്പോർട്ടിങ്ങിനൊപ്പമുണ്ടാവും. അതിലൊരു മത്സരം മാഞ്ചസ്റ്റർ സിറ്റിയ്ക്കെതിരെയാണ് എന്ന പ്രത്യേകതയുമുണ്ട്. മിക്കവാറും നവംബർ 24 നായിരിക്കും റൂബൻ അമോറിം യുണൈറ്റഡിനൊപ്പം ചേരുക.
കഴിഞ്ഞ ദിവസങ്ങളിലാണ് പരിശീലകൻ എറിക് ടെൻ ഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയത്. അവസാന മൂന്ന് സീസണിലായിരുന്നു ടെൻ ഹാഗ് ടീമിനൊപ്പമുണ്ടായിരുന്നത്. ഇതിനിടെ രണ്ട് കിരീടങ്ങൾ നേടിയെങ്കിലും ലീഗിലെ മോശം പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സീസണിലെ മോശം തുടക്കത്തിന് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പരിശീലകനെ പുറത്താക്കിയത്. പ്രിമിയർ ലീഗിലെ ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്നും ടീമിന്റെ നാലാം തോൽവിയും നേരിട്ട് പതിനാലാം സ്ഥാനത്ത് നിൽക്കുന്ന സമയത്തായിരുന്നു യുണൈറ്റഡ് പരിശീലകനെ മാറ്റാൻ തീരുമാനിച്ചത്.
അതേ സമയം ഇടക്കാല കോച്ചായി ക്ലബ് ഇതിഹാസവും അസിസ്റ്റന്റ് കോച്ചുമായ റൂഡ് വാൻ നിസ്റ്റൽ റൂയിയെ നിയമിക്കുകയും ചെയ്തിരുന്നു. റൂഡ് വാന്‍ നെസ്റ്റല്‍റൂയിക്ക് കീഴില്‍ ആദ്യമായി കളിക്കാനിറങ്ങിയ യുണൈറ്റഡ് ഇഎഫ്എൽ(ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ്) കപ്പ് നോക്കൗട്ട് റൗണ്ടിൽ ലെസ്റ്റർ സിറ്റിയെ രണ്ടിനെതിരെ 5 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു കഴിഞ്ഞ ദിനം.
അമോറിമിനെ നേരത്തെ തന്നെ യുണൈറ്റഡിനൊപ്പമെത്തിക്കാനുള്ള ശ്രമവും മാനേജ്മെന്റ് ചെയ്യുന്നുണ്ട്. എങ്കിലും നിലവിൽ 30 ദിവസത്തെ നോട്ടീസ് പിരീഡ് ഉള്ളതാണ് ഇത്രയും വൈകാൻ കാരണം. അമോറിമിന് പെട്ടെന്ന് തന്നെ വിടുതൽ നൽകാൻ സ്പോർട്ടിങ് ക്ലബ് 5 മില്യൺ യൂറോ കൂടുതൽ ചോദിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 4 സീസണുകളിലായിട്ടാണ് അമോറിം സ്പോർട്ടിങ്ങിന്റെ മാനേജരായി ചുമതല നിർവഹിച്ചത്.