ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് മലപ്പുറം എഫ്സി തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് കിക്കോഫ്. കാലിക്കറ്റ് എഫ്സി, കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചി ടീമുകൾക്ക് ഒപ്പം സെമി ഫൈനലിന് യോഗ്യത നേടുന്ന നാലാമത്തെ ടീമിനെ നിശ്ചയിക്കുന്ന മത്സരമാണിത്.
നിലവിൽ 12 പോയന്റുള്ള കൊമ്പൻസിന് സമനില നേടിയാൽ തന്നെ സെമി സ്ഥാനം ഉറപ്പിക്കാം. ഒൻപത് പോയന്റുള്ള മലപ്പുറത്തിന് അവസാന നാലിലേക്ക് കയറാൻ വിജയം അനിവാര്യമാണ്. വിജയം നേടിയാലും പന്ത്രണ്ട് പോയിന്റുള്ള തിരുവന്തപുരത്തിന് ഒപ്പമേ എത്തൂ എന്നത് കൊണ്ട് തന്നെ ഗോൾ വ്യത്യാസവും കൂട്ടണം. നിലവിൽ -1 ഗോൾ വ്യത്യാസത്തിലാണ് രണ്ട് ടീമുകളും. നിർണായക മത്സരം സ്വന്തം കാണികളെ സാക്ഷി നിർത്തി കളിക്കാം എന്നത് മലപ്പുറത്തിന് പ്രതീക്ഷ നൽകുന്നു.
അതേ സമയം പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും നാല് സമനിലയും ഒരു തോൽവിയുമായി 19 പോയിന്റിൽ പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് കാലിക്കറ്റ് സെമിയിലേക്ക് പ്രവേശിച്ചത്. പത്ത് മത്സരങ്ങളിൽ നിന്ന് നാല് ജയവും നാല് തോൽവിയും രണ്ട് സമനിലയുമായി 16 പോയിന്റിൽ രണ്ടാം സ്ഥാനത്തോടെയാണ് ഫോഴ്‌സ കൊച്ചി സെമിയിലേക്ക് മാർച്ച് ചെയ്തത്. പത്ത് മത്സരങ്ങളിൽ നിന്ന് നാല് ജയവും നാല് തോൽവിയും രണ്ട് സമനിലയുമായി ഇതേ പോയിന്റോടെ കണ്ണൂർ വാരിയേഴ്‌സും സെമിയിലേക്ക് പ്രവേശിച്ചിരുന്നു.
Content Highlights: Malappuram fc vs Thiruvananthapuram kombans fc in Super league kerala match