ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയെ തകർത്ത് എഫ് സി ഗോവ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എഫ് സി ഗോവയുടെ വിജയം. ഐഎസ്എൽ സീസണിൽ ബെംഗളൂരുവിന്റെ ആദ്യ തോൽവിയാണിത്. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സന്ദേശ് ജിങ്കൻ ബെംഗളൂരു ആക്രമണങ്ങളെ തടഞ്ഞിട്ട് തന്റെ തിരിച്ചുവരവ് ആഘോഷമാക്കി. അർമാൻഡോ സാദിക്കൂ, ബ്രിസോൺ ഫെർണാണ്ടസ്, ഡെജൻ ഡ്രാസിക് എന്നിവരാണ് ഗോവയ്ക്കായി ഗോളുകൾ നേടിയത്.
ഗോവൻ മുന്നേറ്റങ്ങൾ കണ്ടായിരുന്നു മത്സരത്തിന്റെ ആദ്യ പകുതിയുടെ തുടക്കം. 15 മിനിറ്റോളം പിന്നിട്ട ശേഷമാണ് ബെംഗളുരു മത്സരത്തിൽ താളം കണ്ടെത്തിയത്. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു. 63-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. അർമാൻഡോ സാദിക്കൂവാണ് ബെംഗളൂരു പ്രതിരോധം തകർത്ത് വലകുലുക്കിയത്. 73-ാം മിനിറ്റിൽ ഗോവൻ സംഘം വീണ്ടും വലകുലുക്കി. ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവ് മുതലെടുത്ത ബ്രിസോൺ ഫെർണാണ്ടസ് പന്ത് വലയിലാക്കി.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പിറന്ന മൂന്നാം ഗോളിലൂടെ ഡെജൻ ഡ്രാസിക് ഗോവൻ ജയത്തിന്റെ മാറ്റ് കൂട്ടി. സ്വന്തം കാണികൾക്ക് മുന്നിൽ ഗോവൻ പട നേടിയ വിജയം ടീമിന് വലിയ ആത്മവിശ്വാസമായി. സീസണിൽ ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ട് ജയങ്ങളും മൂന്ന് സമനിലയും രണ്ട് തോൽവിയുമുള്ള ഗോവ പോയിന്റ് ടേബിളിൽ അഞ്ചാമതാണ്. അഞ്ച് ജയവും ഒരു തോൽവിയും ഒരു സമനിലയുമുള്ള ബെംഗളൂരുവാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.
Content Highlights: Chhetri and Co suffer first loss of campaign as Goa cruises to win