ഓൾഡ് ട്രാഫോർഡിലെ ഓളം വീണ്ടെടുക്കാൻ റൂബനെത്തുന്നു; മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി പോർച്ചുഗീസ് കപ്പിത്താന് കീഴിൽ

മുൻ പോർചുഗീസ് താരവും സ്പോർടിങ് പരിശീലകനുമായിരുന്ന റൂബൻ അമോറിം ടീമിന്റെ പരിശീലകനാകുമെന്ന് ക്ലബ് മാനേജ്‌മെന്റ് സ്ഥിരീകരിച്ചു

dot image

തുടർ തോൽവികൾക്കൊടുവിൽ ടെൻ ഹാഗിനെ പറഞ്ഞുവിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകവേഷത്തിൽ ഇനി റൂബൻ അമോറിം. മുൻ പോർചുഗീസ് താരവും സ്പോർടിങ് പരിശീലകനുമായിരുന്ന റൂബൻ അമോറിം ടീമിന്റെ പരിശീലകനാകുമെന്ന് ക്ലബ് മാനേജ്‌മെന്റ് സ്ഥിരീകരിച്ചു.

നവംബർ 11ന് ചുമതലയേൽക്കുന്ന അമോറിമിന് കീഴിൽ ടീമിന്റെ ആദ്യമത്സരം നവംബർ 24ന് ഇപ്സ്‍വിച്ചിലാകും. അതുവരെയും താൽക്കാലിക പരിശീലകനായ റൂഡ് വാൻ നിസ്റ്റൽ റുയി തുടരും. 2027 ജൂൺ വരെയാണ് അമോറിമുമായി കരാർ കാലാവധി. ഒരു വർഷംകൂടി നീട്ടാനും വ്യവസ്ഥയുണ്ട്.

പോർചുഗൽ ദേശീയ ടീമിന്റെയും ബെൻഫിക്കയുടെയും മിഡ്ഫീൽഡറായിരുന്ന അമോറിം 2017ലാണ് കളി നിർത്തിയത്. രണ്ടുവർഷം കഴിഞ്ഞ് പോർചുഗീസ് ടീമായ ബ്രാഗയുടെ പരിശീലകനായി പുതിയ റോളിൽ അരങ്ങേറിയ അദ്ദേഹം 2020ൽ സ്പോർട്ടിങ്ങിലേക്ക് മാറി. അതിവേഗം ടീമിനെ പ്രിമിയേറ ലിഗയിൽ മുൻനിരയിലെത്തിച്ച അമോറിമിന് കീഴിൽ സ്പോർട്ടിങ് രണ്ടുതവണ ചാമ്പ്യന്മാരുമായി. മൂന്നുതവണ പോർചുഗീസ് ലീഗ് കപ്പും അമോറിം പരിശീലിപ്പിച്ച ടീമുകൾ നേടി.

പോർചുഗൽ ടീമുകളിൽ കറങ്ങിത്തിരിഞ്ഞ കരിയർ മാറ്റിപ്പിടിച്ചാണ് അമോറിം ലോകത്തെ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നിന്റെ പരിശീലനത്തിനെത്തുന്നത്. 2021ൽ 36ാം വയസ്സിൽ സ്പോർട്ടിങ്ങിനെ ലീഗ് ചാമ്പ്യന്മാരാക്കി യൂറോപ്പിൽ സ്വന്തം മുദ്ര പതിപ്പിച്ച അമോറിമിന് പക്ഷേ, പ്രീമിയർ ലീഗിൽ വെല്ലുവിളികളേറെയാണ്. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്‌സണൽ തുടങ്ങിയ വമ്പൻമാർ വാഴുന്ന ലീഗിൽ യുണൈറ്റഡിന് സ്ഥാനം ഏറെ പിറകിലാണ്. നിലവിൽ പതിനാലാം സ്ഥാനത്താണ് ക്ലബ്.

Content Highlights: Ruben Amorim ; Manchester United announce new head coach as Erik ten Hag’s replacement

dot image
To advertise here,contact us
dot image