ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലിന്റെ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്ത് നിന്നും എഡു ഗാസ്പർ രാജിവെയ്ക്കുന്നു. 2019 ജൂലൈയിലാണ് ആഴ്സണലിന്റെ സാങ്കേതിക വിഭാഗം തലവനായി എഡു ഗാസ്പർ നിയമിതനായത്. ആറ് മാസത്തിന് ശേഷം ടീമിന്റെ മാനേജർ സ്ഥാനത്ത് മൈക്കല്‍ ആര്‍ട്ടേറ്റയും നിയമിതനായി. പിന്നാലെ പ്രീമിയർ ലീഗിലെ കിരീടപോരാട്ടത്തിൽ ഏറെ മുന്നിലാകാനും ആഴ്സണലിന് കഴിഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായിരുന്നു ആഴ്സണൽ.
2022 നവംബറിലാണ് സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്തേയ്ക്ക് എഡു ഗാസ്പറിന് സ്ഥാനക്കയറ്റം ലഭിച്ചത്. മാർട്ടിൻ ഒഡെഗാർഡ്, ഡെക്ലാൻ റൈസ്, വില്യം സാലിബ തുടങ്ങിയ താരങ്ങളെ ആഴ്സണലിൽ എത്തിച്ചത് എഡു ഗാസ്പറിന്റെ മികവാണ്. എന്നാൽ അപ്രതീക്ഷിതമായി ബ്രസീലുകാരനായ മുൻ താരം ആഴ്സണൽ വിടുന്നതിന്റെ കാരണങ്ങൾ വ്യക്തമല്ല. ക്ലബുമായി എഡു ഗാസ്പറിന് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായതായി സൂചനയുമില്ല.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ സീസണിൽ ആഴ്സണൽ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണൽ പരാജയപ്പെട്ടിരുന്നു. യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്റർ മിലാനുമായാണ് ആഴ്സണലിന്റെ അടുത്ത മത്സരം.
Content Highlights: Arsenal sporting director Edu to leave club