ഉരുക്കുകോട്ടയെ തകര്‍ത്ത് ചെന്നൈയിന്റെ ഗോള്‍മഴ; ഐഎസ്എല്ലില്‍ ജംഷഡ്പൂരിന് നാണംകെട്ട തോല്‍വി

വിജയത്തോടെ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറാന്‍ ചെന്നൈയിന്‍ എഫ്‌സിക്ക് സാധിച്ചു.

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ വമ്പന്‍ വിജയവുമായി ചെന്നൈയിന്‍ എഫ്‌സി. ജംഷഡ്പൂരിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ ഗംഭീര വിജയമാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിലും മുന്നേറാന്‍ ചെന്നൈയിന് സാധിച്ചു.

ജംഷഡ്പൂരിലെ ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരുടെ നിര്‍ഭാഗ്യത്തോടെയാണ് മത്സരം ആരംഭിച്ചത്. ആറാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ പ്രതീക് ചൗധരിയുടെ ഓണ്‍ഗോളാണ് ആദ്യമായി ചെന്നൈയിന്റെ പേരില്‍ കുറിക്കപ്പെട്ടത്. 22-ാം മിനിറ്റില്‍ ഇര്‍ഫാന്‍ യദ്‌വാദും 24-ാം മിനിറ്റില്‍ കോണര്‍ ഷീല്‍ഡ്‌സും ലക്ഷ്യം കണ്ടതോടെ ചെന്നൈയിന്റെ ലീഡ് മൂന്നായി ഉയര്‍ന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചെന്നൈയിന്‍ ഗോളടി തുടര്‍ന്നു. 54-ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ ചെന്നൈയിന്റെ നാലാം ഗോള്‍ നേടി. 71-ാം മിനിറ്റില്‍ ലൂകാസ് ബ്രാംബില്ല കൂടി ലക്ഷ്യം കണ്ടതോടെ ചെന്നൈയിന്‍ വിജയമുറപ്പിച്ചു. 81-ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാവി ഹെര്‍ണാണ്ടസ് ജംഷഡ്പൂരിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.

വിജയത്തോടെ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറാന്‍ ചെന്നൈയിന്‍ എഫ്‌സിക്ക് സാധിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് സമനിലയും രണ്ട് പരാജയവുമടക്കം 11 പോയിന്റാണ് ചെന്നൈയിന്റെ സമ്പാദ്യം. ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ജംഷഡ്പൂര്‍ പട്ടികയില്‍ നാലാമതാണ്.

Content Highlights: ISL 2024-25: Chennaiyin FC beats Jamshedpur FC

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us