'ഡോക്ടര്‍മാര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു'; പരിക്കിന് പിന്നാലെ പ്രതികരിച്ച് നെയ്മര്‍

അല്‍ ഹിലാലിന് വേണ്ടി തിരിച്ചെത്തിയിട്ടുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മര്‍ വീണ്ടും പരിക്കുമായി മടങ്ങിയത്.

dot image

സൂപ്പര്‍ താരം നെയ്മറിനെ വീണ്ടും പരിക്ക് വേട്ടയാടുകയാണ്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എസ്റ്റെഗ്ലാല്‍ എഫ്സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മറിന് പരിക്കേറ്റത്. പരിക്കേറ്റ് ഒരു വര്‍ഷത്തോളം നീണ്ട വിശ്രമം അവസാനിച്ച് മടങ്ങിയെത്തിയ രണ്ടാമത്തെ മത്സരത്തില്‍ തന്നെ ആരാധകരെ ആശങ്കയിലാഴ്ത്തി നെയ്മര്‍ കളംവിടുകയായിരുന്നു.

എന്നാലിപ്പോള്‍ പരിക്കേറ്റതിന് പിന്നാലെ പ്രതികരിച്ച് നെയ്മര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പരിക്ക് ഗുരുതരമാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നെയ്മറുടെ പ്രതികരണം.

Neymar's Instagram Story

'പരിക്ക് ഗുരുതരമാവില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഇങ്ങനെ പരിക്കേല്‍ക്കുന്നത് സാധാരണമാണ്. ഡോക്ടര്‍മാര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ച് കളിക്കണം', നെയ്മര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അല്‍ ഹിലാല്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിനെ കുറിച്ചും നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. 'വളരെ മികച്ച ടീം ഗെയിമായിരുന്നു. ഹോം തട്ടകത്തില്‍ തിരിച്ചെത്തി കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ സ്‌നേഹത്തിന് ആരാധകരോട് നന്ദി. ഇനി വീണ്ടെടുക്കാനുള്ള സമയമാണ്. നമ്മള്‍ ഇപ്പോഴും കരുത്തരാണ്', നെയ്മര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ ഒരു വര്‍ഷത്തോളം നീണ്ട വിശ്രമത്തിനൊടുവിലാണ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. അല്‍ എയ്നെതിരെ നടന്ന AFC ചാമ്പ്യന്‍സ് ലീഗിലായിരുന്നു നെയ്മര്‍ തിരിച്ചുവന്നത്. അല്‍ ഹിലാലിന് വേണ്ടി തിരിച്ചെത്തിയിട്ടുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മര്‍ വീണ്ടും പരിക്കുമായി മടങ്ങിയത്.

എസ്റ്റെഗ്ലാല്‍ എഫ്സിക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് നെയ്മര്‍ കളത്തിലിറങ്ങിയതെങ്കിലും മത്സരം തീരുന്നതിന് മുന്‍പ് മൈതാനം വിടേണ്ടിവരികയായിരുന്നു. വെറും 29 മിനിറ്റു മാത്രമാണ് നെയ്മറിന് കളിക്കാനായത്. മത്സരത്തില്‍ 58-ാം മിനിറ്റില്‍ കളത്തിലെത്തിയ നെയ്മര്‍ 87-ാം മിനിറ്റില്‍ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഒരു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗ്ലല്‍ എഫ്‌സിയെ അല്‍ ഹിലാല്‍ തോല്‍പ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്സാണ്ടര്‍ മിട്രോവിച്ച് ഗോള്‍ കണ്ടെത്തിയത്. വിജയത്തോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ ഹിലാല്‍.

Content Highlights: Neymar Reacts after his Another Injury in Second Game Back From ACL Recovery

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us