തിരുവനന്തപുരത്തിന്റെ കൊമ്പൊടിഞ്ഞു; കാലിക്കറ്റ്, സൂപ്പർ ലീഗ് കേരള ഫൈനലിൽ

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി, ഗനി അഹമ്മദ് നിഗം എന്നിവരും കൊമ്പൻസിനായി ഓട്ടമർ ബിസ്‌പോയും ഗോൾ നേടി

dot image

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച് കാലിക്കറ്റ് എഫ്സി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ഫൈനലിൽ. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി, ഗനി അഹമ്മദ് നിഗം എന്നിവരും കൊമ്പൻസിനായി ഓട്ടമർ ബിസ്‌പോയും ഗോൾ നേടി. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്‌സ് - ഫോഴ്‌സ കൊച്ചി എന്നിവർ ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി പത്താം തീയ്യതി നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഏറ്റുമുട്ടും.

അബ്ദുൽ ഹക്കു കാലിക്കറ്റിനെയും ബ്രസീലുകാരൻ പാട്രിക് മോട്ട കൊമ്പൻസിനെയും നയിച്ച മത്സരത്തിൽ ശ്രദ്ധയോടെയാണ് ഇരു ടീമുകളും തുടങ്ങിയത്. പന്ത്രണ്ടാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്ത് നിന്ന് കാലിക്കറ്റിന് ഫ്രീകിക്ക് ലഭിച്ചു. ഗനി അഹമ്മദ് നിഗത്തിന്റെ താഴ്ന്നിറങ്ങിയ ഷോട്ട് കൊമ്പൻസ് ഗോളി മിഖായേൽ സാന്റോസ് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. കളി അരമണിക്കൂർ പിന്നിടും മുൻപേ കൊമ്പൻസിന്റെ ഓട്ടമർ ബിസ്‌പോ, പപ്പൂയ എന്നിവർക്ക് റഫറി മഞ്ഞക്കാർഡ് നൽകി. മുപ്പത്തിയെട്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ മനോജിനും മഞ്ഞ കാർഡ് ലഭിച്ചു.

നാല്പത്തിയൊന്നാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി കൊമ്പൻസിന് ലീഡ്. ബോക്സിൽ വെച്ചുള്ള റിച്ചാർഡ് ഓസെയുടെ ഹാൻഡ് ബോളിൽ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. ഓട്ടമർ ബിസ്‌പോയുടെ വെടിച്ചില്ല് കിക്ക് കാലിക്കറ്റ് പോസ്റ്റിൽ തുളച്ചുകയറി (1-0). ലീഗിൽ ബ്രസീലുകാരൻ നേടുന്ന അഞ്ചാമത്തെ ഗോൾ. ആദ്യ പകുതി കൊമ്പൻസിന്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തോയ് സിംഗിന് പകരം കാലിക്കറ്റ് പി എം ബ്രിട്ടോയെ കൊണ്ടുവന്നു. പിന്നാലെ ഗോളിയുമായി കൂട്ടിയിടിച്ചു പരിക്കേറ്റ കാലിക്കറ്റ് നായകൻ അബ്ദുൽ ഹക്കു കളം വിട്ടു. പകരമെത്തിയത് ബ്രസീൽ താരം റാഫേൽ സാന്റോസ്. അറുപതാം മിനിറ്റിൽ കാലിക്കറ്റ് സമനില നേടി. ബ്രിട്ടോയുടെ ഗ്രൗണ്ടർ പാസിൽ സ്കോർ ചെയ്തത് പകരക്കാരനായി വന്ന ജോൺ കെന്നഡി (1-1).

എഴുപത്തിനാലാം മിനിറ്റിൽ കാലിക്കറ്റ് വിജയഗോൾ കുറിച്ചു. കെന്നഡിയുടെ ബൈസിക്കിൾ കിക്ക് ക്രോസ്സ് ബാറിൽ തട്ടി തിരിച്ചുവന്നപ്പോൾ കാത്തിരുന്ന ഗനി അഹമ്മദ് നിഗം ഉജ്ജ്വല ഷോട്ടിലൂടെ പന്ത് പോസ്റ്റിലെത്തിച്ചു (1-2). അവസാന മിനിറ്റുകളിൽ പകരക്കാരെ ഇറക്കി കൊമ്പൻസ് സമനിലക്കായി പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല.

Content Highlights: Calicut fc in to super league kerala final

dot image
To advertise here,contact us
dot image