ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ എഫ് സി ഹൈദരാബാദിനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ സൂപ്പർതാരം നോഹ സദോയി ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ക്ലബ് പരിശീലകൻ മൈക്കൽ സ്റ്റാറെ. ഇന്ന് നോഹയെ കണ്ടിരുന്നു, അയാൾ ക്ഷീണിതനായിരിന്നു എന്നാണ് സ്റ്റാറെയുടെ മറുപടി. എന്നാൽ ഹൈദരാബാദിനെതിരെ നോഹ കളിക്കുമോയെന്ന ചോദ്യം വീണ്ടും ഉയർന്നപ്പോൾ കളിക്കാനാണ് കൂടുതൽ സാധ്യതയെന്ന് സ്റ്റാറെ പറഞ്ഞു. നാളത്തെ മത്സരത്തിന് മുമ്പായി മാധ്യമങ്ങളെ കാണുകയായിരുന്നു സ്റ്റാറെ.
കഴിഞ്ഞ മത്സരത്തിലെ തോൽവിയെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രതികരിച്ചു. ക്വാമെ പെപ്രയ്ക്ക് ചുവപ്പ് കാർഡ് ലഭിക്കും വരെ മത്സരത്തിൽ മികവ് കാട്ടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. തെറ്റുകൾ തിരുത്തുകയാണ് എന്റെ ജോലി. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡിന് മുമ്പ് വരെ കളിച്ച രീതിയിലുള്ള പ്രകടനം തുടരുവാനാണ് ആഗ്രഹിക്കുന്നതെന്നും സ്റ്റാറെ വ്യക്തമാക്കി.
ഐഎസ്എല്ലിൽ കഴിഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 2-0ത്തിന് ബ്ലാസ്റ്റേഴ്സ് പിന്നിലായി. എന്നാൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. 71-ാം മിനിറ്റിൽ സമനില ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് താരം ക്വാമെ പെപ്ര ജഴ്സിയൂരി ആഘോഷം നടത്തി. പിന്നാലെ താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചു. ഇതിന് പിന്നാലെയാണ് മുംബൈ സിറ്റി മത്സരത്തിൽ പിടിമുറുക്കിയത്. 4-2ന് മുംബൈ മത്സരം വിജയിച്ചു.
ഐഎസ്എൽ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന്റെ പോയിന്റ് സ്ഥാനം 10-ാമതാണ്. സീസണിൽ പോയിന്റ് ടേബിളിൽ മുന്നേറ്റത്തിന് ഇനിയുള്ള മത്സരങ്ങളിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന് ആലോചിക്കാന്‍ പോലുമാകില്ല.
Content Highlights: Kerala Blasters keen to learn from negatives and move on ahead of Hyderabad FC clash