ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർണ്ണായക പോരാട്ടം. സീസൺ നന്നായി തുടങ്ങി പിന്നീട് തുടർ തോൽവിയോടെ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് വീണ ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിയാണ്. സീസണിൽ തിരിച്ചുവരാൻ സ്വന്തം തട്ടകത്തിലെ ഇന്നത്തെ മത്സരത്തിൽ ജയിക്കുക നിർബന്ധമാണ്.
അവസാന മത്സരത്തിൽ മുംബൈയോടായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. അതിന് മുമ്പുള്ള മത്സരത്തിൽ സ്വന്തം മൈതാനത്ത് ബെംഗളുരുവിനോടും പരാജയപ്പെട്ടു. കരുത്തരായ മോഹൻ ബാഗാനോട് പരാജയപ്പെട്ടാണ് ഹൈദരാബാദ് കൊച്ചിയിലേക്ക് എത്തുന്നത്. ഹൈദരാബാദിനെതിരെ അവസാനം കളിച്ച നാലിൽ മൂന്നും ജയിച്ച ചരിത്രം ബ്ലാസ്റ്റേഴ്‌സിന് തുണയാകും. മറുവശത്ത്, സീസണിൽ ഒരു ജയവും ഒരു സമനിലയും കഴിഞ്ഞാൽ നാലും തോറ്റാണ് ഹൈദരാബാദ് എത്തുന്നത്.
നോഹ സദാഊയി, അഡ്രിയൻ ലൂണ എന്നിവരുടെ സാന്നിധ്യമാണ് കേരളത്തിന്റെ കരുത്ത്. എന്നാൽ, അർധാവസരങ്ങളിൽ പോലും ഗോൾവഴങ്ങുന്ന പ്രതിരോധപ്പിഴവുകൾ ബ്ലാസ്റ്റേഴ്സിനെ തുറിച്ചുനോക്കുന്നു. മുംബൈക്കെതിരെ ടീം നാലു ഗോളുകളാണ് വാങ്ങിക്കൂട്ടിയത്. അവസാന എവേ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന് മുഹമ്മദൻസിനെ മുക്കിയ ഹൈദരാബാദിനെതിരെയും പ്രതിരോധം പാളിയാൽ കേരളത്തിന് കാര്യങ്ങൾ കൈവിട്ടുപോകും. ഗോൾ കീപ്പിങ്ങിലും കേരളം വെല്ലുവിളി നേരിടുന്നുണ്ട്. കഴിഞ്ഞ സീസണിലെ സൂപ്പർ താരം സച്ചിൻ സുരേഷിന് ഈ സീസണിൽ താളം കണ്ടെത്താനായില്ല. പിന്നാലെ 19കാരനായ സോം കുമാറിനെയാണ് മഞ്ഞപ്പടയുടെ കാവലാളായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കൽ സ്റ്റാറെ നിയോഗിച്ചിരിക്കുന്നത്. എന്നാൽ അനുഭവസമ്പത്തിന്റെ കുറവാണ് സോം കുമാറിൽ ദൃശ്യമാകുന്നത്.
Content Highlights: Kerala Blasters vs hydrabad fc