ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ 'ഫ്രീ പലസ്തീന്‍' ബാനറുമായി പിഎസ്‍ജി ആരാധകർ; നടപടി വേണ്ടെന്ന് വെച്ച് യുവേഫ

പിഎസ്ജിയുടെ തട്ടകത്തിൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ‘ഫ്രീ പലസ്തീൻ’ എന്ന് ആലേഖനം ചെയ്തിട്ടുള്ള വലിയ ബാനര്‍ ഉയർന്നത്.

dot image

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ പിഎസ്ജി ആരാധകർ ‘ഫ്രീ പലസ്തീന്‍’ ബാനർ‌ ഉയർത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാതെ യുവേഫ. കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു പിഎസ്ജി ആരാധകർ പലസ്തീൻ അനുകൂല ബാനര്‍ ഉയര്‍ത്തിയത്. പിഎസ്ജിയുടെ തട്ടകത്തിൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ‘ഫ്രീ പലസ്തീൻ’ എന്ന് ആലേഖനം ചെയ്തിട്ടുള്ള വലിയ ബാനര്‍ ഉയർന്നത്.

‘മൈതാനത്ത് യുദ്ധം,ലോകത്ത് സമാധാനം ‘എന്നും ബാനറില്‍ എഴുതിയിട്ടുണ്ടായിരുന്നു. അൽ അഖ്സ പള്ളിയുടെയും പലസ്തീന്‍, ലബനീസ് പതാകകളുടെ ചിത്രങ്ങളും ബാനറിൽ ഉണ്ടായിരുന്നു. ഫ്രീ പലസ്തീനിലെ ‘i’ എന്ന അക്ഷരം, ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കഫിയയയുടെ മാതൃകയില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൂപടം ചിത്രീകരിച്ചിട്ടുമുണ്ട്.

സ്റ്റേഡിയങ്ങളിൽ പ്രകോപനപരമോ അപമാനകരമോ ആയ രാഷ്ട്രീയ സന്ദേശങ്ങൾ യുവേഫ നിരോധിച്ചിരുന്നു. ഇതുപോലെ ബാനർ ഉയർത്തിയിട്ടുള്ള ചില സംഭവങ്ങളിൽ യുവേഫ മുൻപ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പാരീസ് സെൻ്റ് ജർമനെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് യൂറോപ്യൻ ഫുട്‌ബോൾ ഗവേണിംഗ് ബോഡിയായ യുവേഫ അറിയിക്കുകയായിരുന്നു.

’പാരിസ് സെന്റ് ജർ‌മനെതിരെ ഒരു അച്ചടക്ക നടപടിയും ഉണ്ടാകില്ല. കാരണം ഈ സാഹചര്യത്തിൽ ഉയർത്തിയ ബാനർ പ്രകോപനപരമോ അപമാനകരമോ ആയി കണക്കാക്കാൻ കഴിയില്ല’ യുവേഫ വക്താവ് അറിയിച്ചത് ഇങ്ങനെ.

Content Highlights: PSG fans' 'Free Palestine' banner; club to escape UEFA sanctions

dot image
To advertise here,contact us
dot image