കിടിലൻ കംബാക്ക്; ബ്രസീലില്‍ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തി സാന്റോസ് ക്ലബ്ബ്

ബ്രസീൽ ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ പെലെയും നെയ്മറും കളിച്ചുവളർന്ന ക്ലബ് കഴിഞ്ഞ സീസണിൽ സീരി ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു

dot image

ബ്രസീൽ ഫുട്‌ബോൾ ഒന്നാം ഡിവിഷനിലേക്ക് മടങ്ങിയെത്തി സാന്റോസ് ക്ലബ്. ഒരു സീസണിന്റെ ഇടവേളയ്ക്ക് ശേഷമാണ് സാന്റോസ് ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം സീരി ബി യിൽ കോർട്ടിബയെ കീഴടക്കിയതോടെയാണ് ടീം സ്ഥാനമുറപ്പിച്ചത്.

ബ്രസീൽ ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ പെലെയും നെയ്മറും കളിച്ചു വളർന്ന ക്ലബ് കഴിഞ്ഞ സീസണിൽ സീരി ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. 112 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായിട്ടായിരുന്നു സാന്റോസ്‌ തരംതാഴ്‌ത്തപ്പെട്ടത്‌. എന്നാൽ സീരി ബി യിൽ കോർട്ടിബയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ സാന്റോസ് രണ്ടാം ഡിവിഷനിൽ ഒന്നാം സ്ഥാനക്കാരായാണ് തിരിച്ചെത്തിയത്. 36 മത്സരത്തിൽ 68 പോയന്റുമായാണ് സാന്റോസ് ഒന്നാമതെത്തിയത്.

ബ്രസീൽ പരിശീലകൻ ഫാബിയോ കാരില്ലെയുടെ കീഴിലാണ് ടീം കളിക്കുന്നത്. ക്ലബ്ബിലെ മുൻ താരമായ നെയ്മറിനെ സൗദി ക്ലബ് അൽ ഹിലാലിൽ നിന്ന് തിരികെയെത്തിക്കാൻ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് സാന്റോസ് പ്രസിഡന്റ് മാർസെലോ ടെയിക്‌സിറ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തിയതോടെ ഈ നീക്കം കൂടുതൽ സജീവമാക്കാനും ക്ലബിന് സാധിക്കും.

2011ൽ സൂപ്പർ താരം നെയ്മർ കളിച്ചിരുന്ന സമയം മിന്നും പ്രകടനമാണ് സാന്റോസ് കാഴ്ചവെച്ചിരുന്നത്. പിന്നീട് 2013ൽ ബ്രസീലിയൻ ക്ലബ്ബിൽ നിന്ന് ബാഴ്‌സലോണയിലേക്ക് നെയ്മർ കൂടുമാറുകയായിരുന്നു. 1912ൽ സ്ഥാപിതമായ സാന്റോസ് ബ്രസീൽ സീരി എയിൽ എട്ടുതവണ ചാമ്പ്യൻമാരായിട്ടുണ്ട്.

Content Highlights: Pele and Neymar's old club Santos seals return to top flight a year after relegation

dot image
To advertise here,contact us
dot image