ആരാധകരേ... ആഘോഷിപ്പിൻ!; അർജന്റീന ടീം കേരളത്തിലെത്തും

നാളെ രാവിലെ കായിക മന്ത്രി വി അബ്‌ദുറഹ്മാൻ വിളിച്ചു ചേർക്കുന്ന വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകും.

dot image

ഒടുവിൽ ഫുട്ബാൾ പ്രേമികൾ കാത്തിരുന്ന ആ വാർത്തയെത്തി. അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തും. കേരളത്തിലേക്ക് വരാനായുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ടീമിന് കിട്ടിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. നേരത്തെ വിഷയത്തിൽ കേരള സർക്കാർ അർജന്റീന സർക്കാരിനെയും ഫുട്ബോൾ അസോസിയേഷന്റെയും ബന്ധപ്പെട്ടിരുന്നു. നാളെ രാവിലെ കായിക മന്ത്രി വി അബ്‌ദുറഹ്മാൻ വിളിച്ചു ചേർക്കുന്ന വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകും.

അതേ സമയം സൂപ്പർ താരം മെസ്സിയെത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആകാംക്ഷ നിലനിൽക്കുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇതിൽ അന്തിമ തീരുമാണമെടുക്കേണ്ടത്.

രണ്ട് മത്സരം കേരളത്തിൽ അർജന്റീന കളിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങൾ നടക്കുക. ഇതിലും കായിക മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരണമുണ്ടാകും.

രണ്ട് പ്രമുഖ ഏഷ്യൻ ടീമിനെ വെച്ചാവും മത്സരം. 15–ാം സ്ഥാനത്തുള്ള ജപ്പാനാണ് റാങ്കിങ്ങിൽ മുന്നിലുള്ള ഏഷ്യൻ ടീം. ഇറാൻ (19), ദക്ഷിണ കൊറിയ (22), ഓസ്ട്രേലിയ (24) ഖത്തർ (46) എന്നിവരാണ് എഎഫ്സിയിൽനിന്ന് റാങ്കിങ്ങിൽ മുന്നിലുള്ള മറ്റു ടീമുകൾ. റാങ്കിങ്ങിൽ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ലോകകപ്പ് ജേതാക്കളായ അർജന്റീന.

മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യം വരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു.അർജൻ്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിക്കുന്നതിന് കാരണമായത്. 



ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നത്. ശേഷം അതിന് വേണ്ടിയുള്ള ശ്രമങ്ങളും അണിയറയിൽ നടന്നു. അതിന്റെ ഫലമാണ് അർജന്റീനയുടെ കേരള സന്ദർശനം.

Content Highlights: Argentina football team will come to Kerala next year!

dot image
To advertise here,contact us
dot image