ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം കളിക്കാനുള്ള സുവര്‍ണാവസരം താന്‍ നിരസിച്ചിരുന്നുവെന്ന് ഇറ്റലിയുടെ മുന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ബഫണ്‍. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സ തനിക്കുമുന്നില്‍ ഓഫര്‍ വെച്ചിരുന്നുവെന്നാണ് ഇതിഹാസ ഗോള്‍കീപ്പര്‍ തുറന്നുപറയുന്നത്. എന്നാല്‍ ആ ഓഫര്‍ നിരസിച്ച് തന്റെ മുന്‍ ക്ലബ്ബിലേക്ക് പോവുകയുമായിരുന്നുവെന്നും ബഫണ്‍ പറഞ്ഞു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന ബഫണ്‍ 2021ല്‍ യുവന്റസ് വിടാനിരിക്കെയായിരുന്നു സംഭവം. അന്ന് സെക്കന്റ് ചോയ്‌സ് ഗോള്‍കീപ്പറായിട്ടായിരുന്നു ബാഴ്‌സ അദ്ദേഹത്തെ തട്ടകത്തിലേക്ക് ക്ഷണിച്ചത്.
'ബാഴ്‌സലോണയില്‍ നിന്നും രണ്ടാം ഗോള്‍കീപ്പറാവാന്‍ എനിക്ക് ഓഫറുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം മെസ്സിക്കൊപ്പം കളിക്കുക എന്ന ആശയം എനിക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍ ബാഴ്‌സയുടെ ഓഫര്‍ ഞാന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്റെ ആദ്യത്തെ ക്ലബ്ബായ പാര്‍മയിലേക്ക് പോകാനായിരുന്നു എന്റെ മനസ് പറഞ്ഞത്. എല്ലാം തുടങ്ങിയിടത്തുനിന്നുതന്നെ അവസാനിപ്പിക്കാനായിരുന്നു അവിടേക്ക് കൂടുമാറിയത്', ബഫണ്‍ പറഞ്ഞു.
ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പറുമാരില്‍ ഒരാളാണ് ജിയാന്‍ലൂയിജി ബഫണ്‍. 1995 മുതല്‍ 2023 വരെ അദ്ദേഹം ഗോള്‍കീപ്പറായി സേവനമനുഷ്ഠിച്ചിട്ടുള്ളത്. ക്ലബ് തലത്തില്‍ യുവന്റസിന് വേണ്ടിയും അന്താരാഷ്ട്ര തലത്തില്‍ ഇറ്റലിക്ക് വേണ്ടിയും അദ്ദേഹം ദീര്‍ഘകാലം കളിച്ചിട്ടുണ്ട്.
Content Highlights: Gianluigi Buffon rejected chance to play with Lionel Messi at Barcelona