യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നൂറ് ഗോൾ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി ബാഴ്‌സലോണയുടെ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി. തന്റെ 125-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് താരം ഗോൾ നേട്ടത്തിൽ സെഞ്ച്വറി പൂർത്തിയാക്കിയത്. ബ്രസ്റ്റിനെതിരെ നടന്ന മത്സരത്തിലായിരുന്നു നൂറാം ഗോൾ. പെനാൽറ്റിയിലൂടെയാണ് താരം ഗോൾ നേടിയത്. 101-ാം ചാമ്പ്യൻസ് ലീഗ് ഗോളും ഇതേ മത്സരത്തിൽ താരം കണ്ടെത്തി. ലെവൻഡോവ്‌സ്‌കിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ബ്രസ്റ്റിനെ തോൽപ്പിച്ചത്.
Robert Lewandowski becomes the third player in history to reach 100 Champions League goals 👏#UCL pic.twitter.com/cXenLyGHDN
— UEFA Champions League (@ChampionsLeague) November 26, 2024
ബൊറൂസിയ ഡോർട്മുണ്ട്, ബയേൺ മ്യൂണിക്, എഫ്‌സി ബാഴ്‌സലോണ തുടങ്ങിയ ക്ലബുകൾക്കായാണ് ലെവൻഡോവ്സ്കി ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുള്ളത്. ഇതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ 100 ഗോളിന് മുകളിൽ നേടിയത്. 140 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയാണ് ലിസ്റ്റിൽ ഒന്നാമത്. 129 ഗോളുകൾ നേടിയ മെസ്സി രണ്ടാമതും നിൽക്കുന്നു. അതേ സമയം സീസണിൽ മികച്ച ഫോമിലുള്ള ലെവന്‍ഡോസ്കിക്ക് 23 കളികളിൽ 23 ഗോളുകളായി. ലാ ലിഗയിൽ നിന്ന് മാത്രമായി 15 ഗോളുകളാണ് താരം ഈ സീസണിൽ ഇത് വരെ നേടിയിട്ടുള്ളത്.
Content Highlights: Robert Lewandowski Hits Champions League Century goal