ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുചരിത്രമെഴുതി സുനിൽ ഛേത്രി. ഐഎസ്എൽ കളിച്ച 15 ടീമുകൾക്കെതിരെയും ഗോളടിച്ച ആദ്യ താരമായിരിക്കുകയാണ് സുനിൽ ഛേത്രി. മുഹമ്മദൻസിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഛേത്രി ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളൂരു വിജയിക്കുകയും ചെയ്തു.
എട്ടാം മിനിറ്റിൽ ലോബി മൻസോക്കിയുടെ ഗോളിൽ മുഹമ്മദൻസാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. സമനില ഗോൾ കണ്ടെത്താൻ 82-ാം മിനിറ്റ് വരെ ബെംഗളൂരുവിന് കാത്തിരിക്കേണ്ടി വന്നു. പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി സമനില ഗോൾ പിടിച്ചു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 99-ാം മിനിറ്റിൽ ഫ്ലോറന്റ് ഒഗിയറിന്റെ സെൽഫ് ഗോളിൽ ബെംഗളൂരു മത്സരം ജയിച്ചുകയറി.
ഇന്ത്യൻ സൂപ്പർ ലീഗിൽ 2015ൽ മുംബൈ സിറ്റി താരമായാണ് ഛേത്രി അരങ്ങേറ്റം കുറിച്ചത്. മുംബൈ സിറ്റിക്കൊപ്പം 17 മത്സരങ്ങളിൽ നിന്നായി നേടിയ് ഏഴ് ഗോളുകൾ ആ സമയത്ത് നേടുകയുണ്ടായി. 2017ൽ ബെംഗളൂരു എഫ് സി ഐഎസ്എല്ലിന്റെ ഭാഗമായതോടെ സുനിൽ ഛേത്രി മുംബൈ വിട്ടു. ആ വർഷം ഐഎസ്എൽ ചാംപ്യന്മാരായത് ബെംഗളൂരുവായിരുന്നു.
ഐഎസ്എല്ലിൽ 164 മത്സരങ്ങൾ കളിച്ച ഛേത്രി ആകെ മൊത്തം 65 തവണ വലചലിപ്പിച്ചു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ് സി, ഒഡീഷ എഫ് സി, എഫ് സി ഗോവ, ചെന്നൈൻ എഫ് സി, ജംഷഡ്പൂർ എഫ് സി, കേരളാ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി, മുഹമ്മദൻസ് എസ് സി തുടങ്ങിയ നിലവിലെ ഐഎസ്എൽ ടീമുകൾക്കെതിരെ ഛേത്രി ഗോളടിച്ചു. മുമ്പ് ഐഎസ്എല്ലിൽ ഉണ്ടായിരുന്ന അത്‍ലറ്റികോ ഡി കൊൽക്കത്ത, ഡൽഹി ഡയനാമോസ്, പൂനെ സിറ്റി ടീമുകൾക്കെതിരെയും ഛേത്രി ഗോളുകൾ നേടിയിട്ടുണ്ട്.
Content Highlights: Sunil Chhetri becomes first player to score against all ISL clubs