ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ലിവർപൂളുമായി തന്റെ കരാർ പുതുക്കിയേക്കില്ലെന്ന് വീണ്ടും സൂചന നൽകി മുഹമ്മദ് സലാ. കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിന് പിന്നാലെയാണ് സലാ ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. ഒരുപക്ഷേ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിന് വേണ്ടിയുള്ള തന്റെ അവസാന മത്സരമായിരിക്കും ഇത്. ഈ മത്സരം പരമാവധി ആസ്വദിക്കാനാണ് ശ്രമിച്ചത്. മത്സരത്തിന്റെ അന്തരീക്ഷം ഏറെ മികച്ചതായിരുന്നു. അതിനാൽ ഒരോ നിമിഷവും താൻ ആസ്വദിക്കാൻ ശ്രമിച്ചു. ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയിക്കാൻ ലിവർപൂളിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും സലാ സ്കൈ സ്പോർട്സിനോട് പ്രതികരിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. രണ്ട് ഗോളുകളിലും സലായുടെ സാന്നിധ്യമുണ്ടായിരുന്നു. 12-ാം മിനിറ്റിൽ മുഹമ്മദ് സലാ നൽകിയ പാസ് വലയിലേക്ക് തട്ടിയിട്ട് കോഡി ഗാക്പോയാണ് ആദ്യ ഗോൾ നേടിയത്. 75-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി സലാ ലിവർപൂളിന്റെ രണ്ടാം ഗോളും സ്വന്തമാക്കി.
2017ലാണ് എഎസ് റോമ വിട്ട് സലാ ലിവർപൂളിലേക്ക് എത്തിയത്. ഇംഗ്ലീഷ് ക്ലബിനൊപ്പം 352 മത്സരങ്ങൾ കളിച്ച താരം 214 ഗോളുകളും 92 അസിസ്റ്റുകളും നേടി. ലിവർപൂളിനൊപ്പം ഓരോ തവണ വീതം ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഈജിപ്ത് ദേശീയ ടീമിന്റെയും നായകനാണ് 33കാരനായ സലാ.
Content Highlights: Mohamed Salah - Until now, this is the last Man City game I will play for Liverpool