മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിച്ചിരുന്ന സമയം പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള നല്‍കിയ ഉപദേശത്തെ കുറിച്ച് തുറന്നുപറയുകയാണ് മുന്‍ താരം ലിറോയ് സാനെ. സിറ്റിയിലെത്തിയ തന്നോട് ഇതിഹാസതാരം ലയണല്‍ മെസ്സിയെ പോലെ സ്വതന്ത്രനായി കളിക്കാന്‍ ഗ്വാര്‍ഡിയോള ആവശ്യപ്പെട്ടെന്നാണ് സാനെയുടെ വെളിപ്പെടുത്തല്‍. സിറ്റിയിലെത്തുന്നതിന് മുന്‍പ് ലിവര്‍പൂളിന്റെ ഓഫര്‍ നിരസിച്ചിരുന്നെന്നും സാനെ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.
'സിറ്റിക്കൊപ്പം തന്നെ ലിവര്‍പൂളുമായും ചര്‍ച്ചകളുണ്ടായിരുന്നു. യര്‍ഗന്‍ ക്ലോപ്പ് എന്നെ ടീമിലേക്ക് വിളിച്ചു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ വെച്ച് എനിക്ക് യര്‍ഗനെ പരിചയമുണ്ട്. വളരെ നല്ല മനുഷ്യനാണ് യര്‍ഗന്‍. ഡോര്‍ട്ട്മുണ്ടിന് ശേഷം ലിവര്‍പൂളിനെയും മികച്ച രീതിയിലാണ് അദ്ദേഹം പരിശീലിപ്പിച്ചത്. എന്നാല്‍ ഞാന്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു', സാനെ വ്യക്തമാക്കി.
'എന്നെ സംബന്ധിച്ചിടത്തോളം പ്രിമിയര്‍ ലീഗിനെ കുറിച്ച് മനസ്സിലാക്കാനും അറിയാനും കുറച്ചുകൂടി സമയം ആവശ്യമായിരുന്നു. എനിക്ക് എന്റെ ആത്മവിശ്വാസത്തെ കണ്ടെത്തണമായിരുന്നു. അപ്പോള്‍ മെസിയെ പോലെ സ്വാതന്ത്ര്യത്തോടെ കളിക്കണമെന്ന് പെപ് ഗ്വാര്‍ഡിയോള എനിക്ക് ഉപദേശം നല്‍കി. മെസ്സിയെ പോലെ കളിക്കാനല്ല, അത് അസാധ്യമായ കാര്യമാണ്. മെസ്സിയെ പോലെ സ്വതന്ത്രമായും ആസ്വദിച്ചും കളിക്കുക. ഒരു സ്‌ട്രൈക്കര്‍ ആഗ്രഹിക്കുന്ന പോലെ ഷൂട്ട് ചെയ്യുകയോ അല്ലെങ്കില്‍ അസിസ്റ്റ് നല്‍കുകയോ ചെയ്യാം', സാനെ കൂട്ടിച്ചേര്‍ത്തു.
ജര്‍മന്‍ ക്ലബ്ബായ ഷാല്‍ക്കെയില്‍ നിന്ന് 2016ലാണ് സാനെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. പെപ്പ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ അദ്ദേഹം 2018ലും 2019ലും സിറ്റിക്ക് വേണ്ടി ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് സ്വന്തമാക്കി. കൂടാതെ എഫ്എ കപ്പ്, ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ് എന്നിവയും സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 135 മത്സരങ്ങളില്‍ നിന്നായി 39 ഗോളുകളും നേടിയ സാനെ 2020ലാണ് ബയേണ്‍ മ്യൂണിക്കിലെത്തിയത്.
Content Highlights: Pep Guardiola asked Leroy Sane to “play like Lionel Messi”