ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും വിജയം പിടിച്ചെടുത്തത്. ബെംഗളൂരുവിന് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഹാട്രിക്കടിച്ച് തിളങ്ങി. റയാന്‍ വില്ല്യംസും ബെംഗളൂരുവിനായി ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജീസസ് ജിമിനസും ഫ്രെഡിയും ആശ്വാസഗോളുകള്‍ നേടി.
ലീഡ് നില മാറിമറിഞ്ഞ ആവേശകരമായ സതേണ്‍ ഡെര്‍ബിയായിരുന്നു ശ്രീകണ്ഠീരവയില്‍ അരങ്ങേറിയത്. ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകളുടെ ലീഡ് വഴങ്ങിയിരുന്നു. എട്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ സ്‌കോറിങ് തുറന്നത്. വിങ്ങില്‍ നിന്ന് റയാന്‍ വില്ല്യംസ് നല്‍കിയ ക്രോസ് ഹെഡറിലൂടെ മുന്‍ ഇന്ത്യന്‍ നായകന്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലയിലെത്തിച്ചു. സീസണില്‍ ഛേത്രി നേടുന്ന ആറാം ഗോളാണിത്.
39ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും വഴങ്ങി. റയാന്‍ വില്യംസാണ് ആതിഥേയരുടെ ലീഡ് ഇരട്ടിയാക്കിയത്. ആദ്യപകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. ബെംഗളൂരുവിന്റെ ഗോള്‍മുഖം വിറപ്പിക്കുന്ന ഒരു മുന്നേറ്റവും ഒന്നാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പിറന്നില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ മലയാളി മിഡ്ഫീല്‍ഡര്‍ വിബിന്‍ മോഹനന്‍ പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു.
ശ്രീകണ്ഠീരവയിലെ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആവേശകരമായ തിരിച്ചുവരവാണ് കാണാനായത്. 56-ാം മിനിറ്റില്‍ ജീസസ് ജിമിനസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. നോഹ സദൗയ്‌യുടെ അസിസ്റ്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയത്. 67-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റില്‍ ഫ്രെഡിയും ബെംഗളൂരുവിന്റെ വലകുലുക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി.
എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ബെംഗളൂരു ലീഡ് തിരിച്ചുപിടിച്ചു. 73-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ മൂന്നാം ഗോളും നേടിയത്. പകരക്കാരനായി ഇറങ്ങിയ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസാണ് ഗോളിന് വഴിയൊരുക്കിയത്. വീണ്ടും ലീഡ് വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
സമനില ഗോളിനായി കൊമ്പന്മാര്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അപകടകരമായ നിരവധി മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിന്റെ ഗോള്‍മുഖം വിറപ്പിച്ചു. പലപ്പോഴും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സേവുകള്‍ ആതിഥേയരുടെ രക്ഷയ്‌ക്കെത്തിയത്. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ ഛേത്രി തന്റെ ഹാട്രിക് തികച്ചതോടെ ബെംഗളൂരു ആധികാരിക വിജയം ഉറപ്പിച്ചു. 11 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് 'ഛേത്രിപ്പട'. 11 പോയിന്റുമായി പത്താമതാണ് ബ്ലാസ്‌റ്റേഴ്‌സ്.
ISL 2024-25: ISL 2024-25: Chhetri hattrick helps Bengaluru beat Kerala Blasters