ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനോടാണ് തോറ്റത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് ലീഡെടുത്തു. രണ്ടാം മിനിറ്റിൽ കോർണറിൽ നിന്നുള്ള പന്തിനെ മിലെങ്കോവിച്ച് തല വെച്ച് ഗോളാക്കി മാറ്റുകയായിരുന്നു.
എന്നാൽ അധികം വൈകാതെ 19ാം മിനിറ്റിൽ റാസ്മസ് ഹൊയ്‌ലണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-ാം മിനിറ്റിൽ നോട്ടിങ്ഹാം ഫോറസ്റ്റ് വീണ്ടും സ്കോർ ചെയ്തു. ഇത്തവണ ഗിബ്‌സ് വൈറ്റിന്റെതായിരുന്നു സ്ട്രൈക്ക്, സ്കോർ 2-1. ഗോൾ കീപ്പർ ഒനാനയുടെ മിസ്റ്റേക്ക് കൂടിയായിരുന്നു ആ ഗോൾ. 54-ാം മിനിറ്റിൽ ഒനാനയുടെ മറ്റൊരു മിസ്റ്റേക്കിൽ നോട്ടിങ്ഹാം വീണ്ടും ഗോൾ നേടി 3 -1 ആക്കി. ക്രിസ് വൂഡിന്റെതായിരുന്നു ഹെഡർ.
ശേഷം 61-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലേക്ക് തിരിച്ചുവന്നു, ബ്രൂ ണോ ഫെർണാണ്ടസിന്റെ ഗോളിൽ സ്കോർ 3-2 ആയി. ശേഷം സമനിലയ്ക്ക് വേണ്ടി യുണൈറ്റഡ് ആഞ്ഞുശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. തോൽവിയോടെ ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 13 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15 മത്സരങ്ങളിൽ നിന്ന് 5 ജയവും നാല് സമനിലയും 6 തോൽവിയുമായി 19 പോയിന്റാണ് ടീമിനുള്ളത്.
Content Highlights: manchester united beaten by nottingham forest fc