ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഇന്ത്യന്‍ എല്‍ ക്ലാസികോ. സൂപ്പര്‍ സാറ്റര്‍ഡേ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ചിരവൈരികളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്. ഇന്ന് അഞ്ച് മണിക്ക് ആരംഭിക്കുന്ന മറ്റൊരു മത്സരത്തില്‍ ബെംഗളൂരു ഗോവയെ നേരിടും.
തുടർതോൽവികളിൽ വലയുന്ന ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ വിജയം അനിവാര്യമാണ്. അവസാന രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്സ് നിലവിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. 11 മത്സരങ്ങളിൽ ആറിലും പരാജയപ്പെട്ട് പത്താംസ്ഥാനത്താണ് മൈക്കൽ സ്റ്റാറേയും സംഘവും. മൂന്ന് ജയം മാത്രമാണ് മഞ്ഞപ്പടയുടെ കൊമ്പന്മാരുടെ സമ്പാദ്യം.
അതേസമയം മുൻ ചാമ്പ്യൻമാരും പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമായ മോഹൻബഗാനെതിരെ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. തകർപ്പൻ ഫോമിലാണ് ബഗാൻ ഐഎസ്എല്ലിലെ ചിരവൈരികൾക്ക് എതിരെ ഇറങ്ങുന്നത്. സീസണിന്റെ തുടക്കം തകർന്നെങ്കിലും ബഗാൻ ഉജ്വലമായി തിരിച്ചുവരികയായിരുന്നു. അവസാന അഞ്ചിൽ നാല് മത്സരവും ജയിച്ചു. 10 മത്സരത്തിൽ ഏഴ് ജയം ഉൾപ്പെടെ 23 പോയിന്റാണ് ബഗാന്റെ സമ്പാദ്യം.
Content Highlights: Indian Super League 2024: Mohun Bagan VS Kerala Blasters Match today