ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഫുൾഹാമിനോട് സമനില പിടിച്ച് ലിവർപൂൾ. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. മത്സരം 17 മിനിറ്റ് മാത്രം പിന്നിട്ടപ്പോൾ ആൻഡ്രൂ റോബെർട്സൺ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ ബാക്കി സമയം 10 താരങ്ങളുമായാണ് ലിവർപൂൾ കളിച്ചത്. 11-ാം മിനിറ്റിൽ ആൻഡ്രിയാസ് പെരേരയിലൂടെ ഫുൾഹാമാണ് മത്സരത്തിൽ ലീഡെടുത്തത്. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് ലീഡ് ചെയ്യാനും ഫുൾഹാമിന് കഴിഞ്ഞു.
രണ്ടാം പകുതിയിൽ 47-ാം മിനിറ്റിൽ കോഡി ഗാക്പോ ലിവർപൂളിനായി സമനില ഗോൾ നേടി. 76-ാം മിനിറ്റിൽ റോഡ്രിഗോ മുനിസ് ഫുൾഹാമിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 86-ാം മിനിറ്റിൽ ഡീഗോ ജോട്ടയുടെ ഗോളിലൂടെ ലിവർപൂൾ സമനില പിടിച്ചു. മത്സരം സമനില ആയെങ്കിലും 15 മത്സരങ്ങളിൽ നിന്ന് 36 പോയിന്റോടെ പ്രീമിയർ ലീഗ് പട്ടികയിൽ ലിവർപൂൾ തന്നെയാണ് ഒന്നാമത്. ചെൽസി രണ്ടാം സ്ഥാനത്തുണ്ട്.
മറ്റൊരു മത്സരത്തിൽ ആഴ്സണൽ എവർട്ടനുമായി സമനിലയിൽ പിരിഞ്ഞു. ഇരുടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. പ്രീമിയർ ലീഗ് പട്ടികയിൽ 16 മത്സരങ്ങളിൽ നിന്ന് 30 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ആഴ്സണൽ. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ന്യൂകാസിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെയും ഐപ്സ്വിച്ച് ടൗൺ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വോൾവ്സിനെയും പരാജയപ്പെടുത്തി.
Content Highlights: Ten-man Liverpool draw with Fulham in English Premier League