ഇന്ത്യൻ സൂപ്പർ ലീഗിൽ മുഹമ്മദൻസിനെ പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ് സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. 49-ാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങാണ് മുംബൈ സിറ്റിക്കായി വലചലിപ്പിച്ചത്. 35-ാം മിനിറ്റിൽ മുഹമ്മദ് ഇർഷാദ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 താരങ്ങളുമായാണ് മുഹമ്മദൻസ് ബാക്കി മത്സരം പൂർത്തിയാക്കിയത്.
നിലവിലെ ഐഎസ്എൽ ചാംപ്യന്മാരാണെങ്കിലും ഇത്തവണ വിജയം കാണാൻ മുംബൈ സിറ്റി ഏറെ പ്രയാസപ്പെടുകയാണ്. മുഹമ്മദൻസിനെതിരായ വിജയം മുംബൈ സിറ്റിക്ക് 11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേയ്ക്ക് ഉയരാൻ സഹായമായി.
പ്രഥമ ഐഎസ്എൽ കളിക്കുന്ന മുഹമ്മദൻസ് 11 മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് നേടിയിട്ടുള്ളത്. അഞ്ച് പോയിന്റ് മാത്രമുള്ള മുഹമ്മദൻസ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ്. ഐഎസ്എൽ പോയിന്റ് ടേബിളിൽ 11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്. ബെംഗളൂരു രണ്ടാം സ്ഥാനത്തുമുണ്ട്.
Content Highlights: Vikram Partap scores winner as Mohammedan loses 0-1 to Mumbai City at home