ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആവേശ വിജയമവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്റെ വിജയം. നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് യുണൈറ്റഡ് സംഘത്തിന്റെ തിരിച്ചുവരവ്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നൽകി.
88-ാം മിനിറ്റിലാണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ പിറക്കുന്നത്. പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യം കണ്ടു. പിന്നാലെ 90-ാം മിനിറ്റിൽ അമദ് ദിയാലോയും വലചലിപ്പിച്ചു. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർച്ചയായ അഞ്ചാം പരാജയം പെപ് ഗ്വാർഡിയോളയുടെ സംഘം നേരിട്ടു. തോൽവി പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയെ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴ്ത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് 13-ാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തി ചെൽസി പ്രീമിയർ ലീഗ് പോരാട്ടം ടൈറ്റിൽ പോരാട്ടം കടുപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. 43-ാം മിനിറ്റിൽ മാർക് കുകുറെല്ലയും 80-ാം മിനിറ്റിൽ നിക്കോളാസ് ജാക്സണും ചെൽസിക്കായി വലചലിപ്പിച്ചു. 90-ാം മിനിറ്റിൽ ബ്രയാൻ മെബുമോയാണ് ബ്രന്റ്ഫോർട്ടിന്റെ ഏക ഗോൾ നേടിയത്.
പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്ന് 10 വിജയം ഉൾപ്പെടെ 34 പോയിന്റുമായി ചെൽസി രണ്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.
Content Highlights: Amad Diallo late goal stunns City in Manchester derby, Chelsea challenges point table