സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷയെ മറുപടിയിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം ക്വാര്‍ട്ടറിലേയ്ക്ക് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
ഹൈദരാബാദിലെ ഡെക്കാന്‍ അരീനയില്‍ നടന്ന മത്സരത്തിന്റെ 42-ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലിന്റെ ഗോളിലൂടെയാണ് കേരളം ലീഡെടുക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അജ്‌സല്‍ കേരളത്തിന് വേണ്ടി വല കുലുക്കിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കേരളം ലീഡ് ഇരട്ടിയാക്കി. 53-ാം മിനിറ്റില്‍ നസീബ് റഹ്‌മാന്‍ നേടിയ ഗോളിലൂടെ കേരളം വിജയമുറപ്പിക്കുകയും ചെയ്തു.
തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ പോയിന്റ് പട്ടികയില്‍ കേരളം ഒന്നാമതെത്തി. നേരത്തെ ഗോവയെയും മേഘാലയെയും കേരളം പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളില്‍ കേരളത്തിന് ഇനിയും രണ്ട് മത്സരങ്ങളുണ്ട്. ഡിസംബര്‍ 22ന് നടക്കുന്ന മത്സരത്തില്‍ കേരളം ഡല്‍ഹിയെ നേരിടുമ്പോള്‍ 24ന് നടക്കുന്ന പോരാട്ടത്തില്‍ തമിഴ്‌നാടിനെയും നേരിടും.
Content Highlights: Santosh Trophy 2024: Kerala into the Quarter Final as beats Odisha