ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ പ്രമീയർ ലീഗ് ചാംപ്യന്മാരെ ആസ്റ്റൺ വില്ല പരാജയപ്പെടുത്തിയത്. ജോൺ ഡുറാനും മോർഗൻ റോജേഴ്സും ആസ്റ്റൺ വില്ലയ്ക്കായി ഗോളുകൾ നേടി. ഫിൽ ഫോഡന്റെ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസമായത്.
മത്സരത്തിന്റെ 16-ാം മിനിറ്റിൽ ഡുറാനിലൂടെ ആസ്റ്റൺ വില്ലയുടെ ആദ്യ ഗോൾ പിറന്നു. പന്തടക്കത്തിൽ മുന്നേറ്റം സൃഷ്ടിക്കാനായെങ്കിലും ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. രണ്ടാം പകുതിയിൽ 65-ാം മിനിറ്റിലാണ് മോർഗൻ റോജേഴ്സിന്റെ ഗോൾ പിറന്നത്. ഇതോടെ ആസ്റ്റൺ വില്ല വിജയം മണത്തു. എന്നാൽ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 93-ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി ഒരു ഗോൾ തിരിച്ചടിച്ചു. എങ്കിലും വില്ലയുടെ വിജയം തടയാൻ സിറ്റിക്ക് കഴിഞ്ഞില്ല.
തോൽവിയോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സ്ഥാനം ആറാമതായി. 17 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് സിറ്റി സംഘത്തിനുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ആസ്റ്റൺ വില്ല അഞ്ചാം സ്ഥാനത്തുണ്ട്. ലിവർപൂൾ ഒന്നാമതും ചെൽസി രണ്ടാം സ്ഥാനത്തുമാണ്.
Content Highlights: Duran, Rogers score as Villa hand shell-shocked City another loss