ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലണ്ട്. ആത്മപരിശോധന നടത്തിയാൽ തനിക്ക് ഒരുപാട് തിരുത്താനുണ്ടെന്നായിരുന്നു ഹാലണ്ടിന്റെ പ്രതികരണം. 'ഇതിലും മികച്ച പ്രകടനം തനിക്ക് നടത്താമായിരുന്നു. എന്നാൽ തന്റെ പ്രകടനം ഏറെ മോശമായിരുന്നു.' എർലിങ് ഹാലണ്ട് മത്സരശേഷം പ്രതികരിച്ചു.
മുൻ മത്സരങ്ങളിലെ മോശം പ്രകടനങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയെ തിരിച്ചുകൊണ്ടുവരാൻ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് കഴിയുമെന്നും ഹാലണ്ട് പറഞ്ഞു. ഏഴ് വർഷത്തിൽ ആറ് തവണ പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ പരിശീലകനാണ് പെപ് ഗ്വാർഡിയോള. അതൊരിക്കലും മറക്കാൻ കഴിയില്ല. തോൽവികൾക്ക് പരിഹാരം കണ്ടെത്തും. എല്ലാ വർഷവും അത് ചെയ്യുന്നതാണ്. പെപ് ഗ്വാർഡിയോളയിൽ ഇപ്പോഴും വിശ്വസിക്കുന്നു. തിരിച്ചുവരവിനായി കഠിനാദ്ധ്വാനം നടത്തുമെന്നും ഹാലണ്ട് വ്യക്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടത്. ജോൺ ഡുറാനും മോർഗൻ റോജേഴ്സും ആസ്റ്റൺ വില്ലയ്ക്കായി ഗോളുകൾ നേടി. ഫിൽ ഫോഡന്റെ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസമായത്.
തോൽവിയോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സ്ഥാനം ആറാമതായി. 17 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് സിറ്റി സംഘത്തിനുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ആസ്റ്റൺ വില്ല അഞ്ചാം സ്ഥാനത്തുണ്ട്. ലിവർപൂൾ ഒന്നാമതും ചെൽസി രണ്ടാം സ്ഥാനത്തുമാണ്.
Content Highlights: Erling Haaland after Manchester City lose to Aston Villa