ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് കൂടുതൽ കരുത്തരായി ലിവർപൂൾ. കഴിഞ്ഞ ദിവസം നടന്ന നിർണായക മത്സരത്തിൽ ടോട്ടനത്തെ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലിവർപൂളിൻറെ വിജയം. ലൂയിസ് ഡയസും മുഹമ്മദ് സലായും റെഡ്സിനായി ഇരട്ട ഗോളുകൾ നേടി.
മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ലൂയിസ് ഡയസ് ലിവർപൂളിനായി വലചലിപ്പിച്ചു. പിന്നാലെ 36-ാം മിനിറ്റിൽ മാക് അലിസ്റ്റർ ലിവർപൂളിന്റെ ലീഡ് 2-0 ആക്കി ഉയർത്തി. 41-ാം മിനിറ്റിലാണ് ടോട്ടനത്തിന്റെ ആദ്യ മറുപടി വരുന്നത്. ജെയിംസ് മാഡിസൺ സ്പർസിനായി വലചലിപ്പിച്ചു. ആദ്യ പകുതി പിരിയും മുമ്പ് 46-ാം മിനിറ്റിൽ ഡൊമിനിക് സബോസ്ലായി ലിവർപൂളിനായി വീണ്ടും വലകുലുക്കി. ഇതോടെ ആദ്യ പകുതി 3-1 എന്ന സ്കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ 54, 61 മിനിറ്റുകളിൽ മുഹമ്മദ് സലായുടെ ഗോളുകൾ പിറന്നു. ഇതോടെ 5-1ന് ലിവർപൂൾ മുന്നിലായി. എന്നാൽ 72-ാം മിനിറ്റിൽ ഡെജൻ കുലുസവെസ്കിയുടെയും 83-ാം മിനിറ്റിൽ ഡൊമിനിക് സൊലാങ്കയുടെയും ഗോളുകള്‍ ടോട്ടനത്തിന് ആശ്വാസമായി. ഒടുവിൽ 85-ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ രണ്ടാം ഗോളും പിറന്നതോടെ സ്കോർ നില 6-3 എന്നായി.
വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്ന് 39 പോയിന്‍റുമായി ലിവർപൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിർണായക മത്സരത്തിൽ എവർട്ടനോട് ചെൽസി ഗോൾരഹിത സമനില വഴങ്ങിയതും ലിവർപൂളിന് ഗുണമായി. 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെൽസിയുമായി നാല് പോയിന്റ് വ്യത്യാസം നേടാനും ലിവർപൂളിന് കഴിഞ്ഞു.
Content Highlights: Liverpool's domination over Spurs keep places Reds four points above than Chelsea