സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ജമ്മു കശ്മീരിനെ പരാജയപ്പെടുത്തിയാണ് കേരളം സെമിയിലേക്ക് ടിക്കറ്റെടുത്തത്. തെലങ്കാനയിലെ ഡെക്കാന്‍ അരീനയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.
ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാനായിരുന്നില്ല. മികച്ച പ്രതിരോധമായിരുന്നു ജമ്മു കശ്മീരും കാഴ്ചവെച്ചത്. രണ്ടാം പകുതിയിലാണ് കേരളത്തിന്റെ വിജയഗോള്‍ പിറന്നത്. 72-ാം മിനിറ്റില്‍ കശ്മീരിന്റെ പ്രതിരോധം ഭേദിച്ച് നസീബ് റഹ്‌മാനാണ് കേരളത്തിന് വേണ്ടി വലകുലുക്കിയത്. മനോഹരമായ വോളിയിലൂടെ നസീബ് നേടിയ ഗോള്‍ കേരളത്തെ വിജയത്തിലേയ്ക്കും പിന്നീട് സെമിയിലേയ്ക്കും നയിച്ചു.
ഇന്ന് രാത്രി 7.30ന് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മേഘാലയ സര്‍വീസസിനെ നേരിടും. കേരളത്തിന് പുറമെ ബംഗാളും മണിപ്പൂരും നേരത്തെ സെമി ഫൈനലില്‍ കടന്നിരുന്നു.
Content Highlights: Kerala beats Jammu & Kashmir to enter semi Finals in santhosh trophy