ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈൻ എഫ് സിയെ തകർത്ത് ബെംഗളരൂ എഫ് സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ വിജയം. റയാൻ വില്യംസ് ബെംഗളൂരുവിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ സുനിൽ ഛേത്രി ഒരു തവണ വലചലിപ്പിച്ചു. ചെന്നൈൻ താരം ലാൽഡിൻലിയാന റെന്ത്ലെയുടെ സെൽഫ് ഗോളാണ് ബെംഗളൂരുവിന്റെ ഗോൾ നില നാലാക്കിയത്.
ചെന്നൈയ്നായി ഇർഫാൻ യാദ്‍വാദും ലാൽറിൻലിയാന ഹ്നാംതെ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ആദ്യ പകുതിയിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിലാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തിൽ ഹൈദരാബാദ് എഫ് സിയും ഈസ്റ്റ് ബംഗാളും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പാലിച്ചത്. ഈസ്റ്റ് ബംഗാളിനായി ജീക്സൺ സിങ് വലചലിപ്പിച്ചു. ഹൈദരാബാദിനായി മനോജ് മുഹമ്മദ് ഗോൾ നേടി.
ഐഎസ്എൽ പോയിന്റ് ടേബിളിൽ 13 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്. 13 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ബെംഗളൂരു എഫ് സിയാണ് രണ്ടാം സ്ഥാനത്ത്.
Content Highlights: Bengaluru beat Chennain FC in ISL, Hyderabad drawn with East Bengal