
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും പരാജയം വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിൽ ന്യൂകാസില്‍ യുണൈറ്റഡാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയം വഴങ്ങിയത്.
Tumbang.#MUFC || #MUNNEW pic.twitter.com/SStDs9hWzO
— Manchester United (@ManUtd_ID) December 30, 2024
ആദ്യ പകുതിയിലാണ് മത്സരത്തിലെ ഗോളുകള്‍ പിറന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മോശം പ്രകടനം കാഴ്ച വെച്ച യുണൈറ്റഡ് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങി. നാലാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഐസക്കാണ് ആദ്യം യുണൈറ്റഡിന്റെ വലകുലുക്കിയത്. ഒരു ഫ്രീ ഹെഡറിലൂടെയാണ് ഐസക്ക് ഗോളടിച്ചത്.
19-ാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് രണ്ടാം തവണയും ഗോള്‍ വഴങ്ങി. ജോലിന്റണാണ് ന്യൂകാസിലിന്റെ രണ്ടാം ഗോള്‍ നേടിയത്. ആന്റണി ഗോര്‍ഡന്റെ അസിസ്റ്റില്‍ ഹെഡറിലൂടെയാണ് ജോലിന്റണ്‍ വല കുലുക്കിയത്. യുണൈറ്റഡിന് ഒരു ഗോളുപോലും തിരിച്ചടിക്കാന്‍ സാധിക്കാതിരുന്നതോടെ ന്യൂകാസില്‍ മൂന്ന് പോയിന്റ് സ്വന്തമാക്കി.
പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് വഴങ്ങുന്ന തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. 22 പോയിന്റുള്ള യുണൈറ്റഡ് ലീഗില്‍ 14-ാം സ്ഥാനത്താണ്. അതേസമയം വിജയത്തോടെ 19 മത്സരങ്ങളില്‍ 32 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ന്യൂകാസില്‍.
Content Highlights: Premier League: Newcastle United beats Manchester United