ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ് സിയെ തകർത്തെറിഞ്ഞ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം. ടോം ആൽഡ്രെഡ്, ജേസൺ കമ്മിങ്സ് എന്നിവർ ബഗാനായി വലചലിപ്പിച്ചു. ഹൈദരാബാദ് താരം സ്റ്റെഫാൻ സാപിക് വക സെൽഫ് ഗോളായിരുന്നു മറ്റൊന്ന്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലായിരുന്നു മോഹൻ ബഗാൻ ആദ്യം വലചലിപ്പിച്ചത്. മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഷോട്ട് ഹൈദരാബാദ് ഗോൾകീപ്പർ അർഷ്ദീപ് സിങ് തടഞ്ഞിട്ടെങ്കിലും സ്റ്റെഫാൻ സാപികിന്റെ കൈയ്യിൽ തട്ടി പന്ത് വലയിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് ടോം ആൽഡ്രെഡിന്റെ വകയായി മറ്റൊരു ഗോളും പിറന്നു.
രണ്ടാം പകുതി തുടങ്ങിയതും 51-ാം മിനിറ്റിൽ ജേസൺ കമ്മിങ്സും മോഹൻ ബഗാനായി വലചലിപ്പിച്ചു. പിന്നാലെ 90 മിനിറ്റ് പൂർത്തിയായപ്പോൾ 3-0ത്തിന്റെ ഗംഭീര വിജയം നേടാനും മോഹൻ ബഗാന് കഴിഞ്ഞു. വിജയത്തോടെ ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താനും മോഹൻ ബഗാന് കഴിഞ്ഞു.
14 മത്സരങ്ങളിൽ നിന്ന് 32 പോയിന്റാണ് ബഗാൻ സ്വന്തമാക്കിയിരിക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള ബെംഗളൂരു എഫ് സി തൊട്ടുപിന്നിലുണ്ട്. 14 മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദ് രണ്ട് ജയം മാത്രമാണ് നേടിയിട്ടുള്ളത്. എട്ട് പോയിന്റോടെ ടേബിളിൽ 12-ാം സ്ഥാനത്താണ് ഹൈദരാബാദിന്റെ സ്ഥാനം.
Content Highlights: Mohun Bagan Super Giant Comfortably Outclass Hyderabad FC 3-0