ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിരിച്ചുവരവിന്റെ സൂചന നൽകി മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. എർലിങ് ഹാലണ്ട് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ഒരു തവണ ഫിൽ ഫോഡൻ വലചലിപ്പിച്ചു.
മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ പെപ് ഗ്വാർഡിയോളയുടെ സംഘം മുന്നിലെത്തി. വെസ്റ്റ് ഹാം താരം വ്ലാഡിമർ കൗഫലിന്റെ സെൽഫ് ഗോളാണ് സിറ്റിയെ മുന്നിലെത്തിച്ചത്. പിന്നാലെ 42, 55 മിനിറ്റുകളിൽ എർലിങ് ഹാലണ്ടിന്റെ ഗോൾ പിറന്നു. രണ്ട് ഗോളുകൾക്കും സാവിഞ്ഞോയാണ് അസിസ്റ്റ് നൽകിയത്. 58-ാം മിനിറ്റിൽ ഫിൽ ഫോഡന്റെ ഗോളുകൂടി ആയതോടെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിലായി. 71-ാം മിനിറ്റിൽ നിക്കളാസ് ഫുൾക്രുഗ് ആണ് വെസ്റ്റ് ഹാമിനായി ആശ്വാസ ഗോൾ നേയിത്.
വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 20 മത്സരങ്ങളിൽ നിന്ന് 10 ജയമുള്ള സിറ്റിക്ക് 34 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്ത് ലിവർപൂളും രണ്ടാം സ്ഥാനത്ത് ആഴ്സണലുമാണ്.
Content Highlights: Erling Haaland scored twice, Manchester City hammered West Ham