ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ജംഷഡ്പൂരിനും എഫ് സി ഗോവയ്ക്കും വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കരുത്തരായ ബെംഗളൂരുവിനെ ജംഷഡ്പൂർ പരാജയപ്പെടുത്തിയത്. ബെംഗളൂരുവിനായി 19-ാം മിനിറ്റിൽ ആൽബെർട്ടോ നോഗേറ വലചലിപ്പിച്ചു. എന്നാൽ 84-ാം മിനിറ്റിൽ ജോർദാൻ മറെയുടെയും 90-ാം മിനിറ്റിൽ മുഹമ്മദ് ഉവൈസിന്റെയും ഗോളുകളാണ് ജംഷഡ്പൂരിനെ വിജയത്തിലെത്തിച്ചത്.
മറ്റൊരു മത്സരത്തിൽ ഒഡീഷയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് എഫ് സി ഗോവ തകർത്തത്. ഒഡീഷയ്ക്കായി അഹമ്മദ് ജാഹോയും ജെറി മാവിഹ്മിംഗ്താംഗ എന്നിവർ ഗോളുകൾ നേടി. ഗോവയ്ക്കായി ബ്രിസൺ ഫെർണാണ്ടസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങ് ഒരു തവണ ലക്ഷ്യം കണ്ടു. ഒഡീഷ താരം അമേയ് റണവാണ്ടയുടെ സെൽഫ് ഗോളായിരുന്നു ഗോവയുടെ ഗോൾനില നാലാക്കി ഉയർത്തിയത്.
ഐഎസ്എൽ പോയിന്റ് ടേബിളിൽ 14 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്. 14 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. ഗോവ മൂന്നാം സ്ഥാനത്തും ജംഷഡ്പൂർ നാലാം സ്ഥാനത്തുമുണ്ട്.
Content Highlights: Jamshedpur FC and FC Goa tasted victories in ISL matches