ഏതാനും മാസങ്ങളായി ഫുട്ബോളിൽ നിന്ന് വിട്ടുനിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി പരിക്കിൽ നിന്നും മോചിതനായി ഉടൻ കളത്തിൽ തിരിച്ചെത്തിയേക്കാം. താരം തന്നെയാണ് പ്രതീക്ഷ പങ്കുവെച്ചത്. 'എന്നെക്കുറിച്ച് എനിക്കറിയാം. പരിക്കിൽ നിന്നും ഞാൻ വേഗത്തിൽ മോചിതനാകുന്നു. തലയ്ക്കുള്ള പ്രശ്നത്തിൽ നിന്ന് സുഖംപ്രാപിക്കുക എന്നത് വലിയ കാര്യമാണ്. മാനസികമായും ശാരീരികമായും കാര്യങ്ങൾ നന്നായി മുന്നോട്ടുപോകുന്നു. ഉടൻ തന്നെ കളത്തിൽ തിരിച്ചെത്താമെന്നുള്ള പ്രതീക്ഷയിലാണ് ഞാൻ' റോഡ്രി പ്രതികരിച്ചു.
2024 സെപ്റ്റംബറിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരവും ഈ വർഷത്തെ ബലോൻ ദ് ഓർ ജേതാവുമായ റോഡ്രിക്ക് കളിക്കാൻ കഴിഞ്ഞിട്ടില്ല. ആഴ്സണലുമായുള്ള ഒരു മത്സരത്തിനിടെയാണ് റോഡ്രിക്ക് പരിക്കേറ്റത്. താരത്തിന് പരിക്കേറ്റതിന് പിന്നാലെ സിറ്റി മധ്യനിരയുടെ താളം തെറ്റി. ഈ അവസരം മുതലെടുത്ത് എതിർ ടീം ആക്രമണങ്ങളുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു.
കഴിഞ്ഞ 11 മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് നിലവിലെ പ്രീമിയർ ലീഗ് ചാംപ്യന്മാർക്ക് ജയിക്കാൻ കഴിഞ്ഞത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 20 മത്സരങ്ങൾ പിന്നിടുമ്പോൾ 10 വിജയവും നാല് സമനിലയും ആറ് തോൽവിയുമുള്ള മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. 34 പോയിന്റാണ് സിറ്റി ഇതുവരെ നേടിയത്. കഴിഞ്ഞ നാല് സീസണിലും പ്രീമിയർ ലീഗ് ജേതാക്കളായിരുന്നു മാഞ്ചസ്റ്റർ സിറ്റി. എന്നാൽ ഇത്തവണ പ്രീമിയർ ലീഗ് കിരീടം നിലനിർത്തണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്.
Content Highlights: Manchester City's Rodri shares major injury return update