2026 ഫുട്‌ബോള്‍ ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. സിഎന്‍എന്നിനോട് സംസാരിക്കവേയായിരുന്നു നെയ്മറിന്റെ അപ്രതീക്ഷിത പ്രതികരണം. യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ വേദിയൊരുങ്ങുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.
🎙️NEYMAR JR:
— Ginga Bonito 🇧🇷 (@GingaBonitoHub) January 7, 2025
“How confident am I that I will be at the 2026 World Cup? Of course. For sure. I will try. I want to be there. I know it will be my last World Cup so it’s my last shot, my last chance & I will do everything I can to do it.” 🇧🇷🥇 pic.twitter.com/98rsiE2bu0
'2026 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഞാന്‍ എന്തും ചെയ്യും. ഞാന്‍ അവിടെ ഉണ്ടായിരിക്കണം. ബ്രസീല്‍ ദേശീയ ടീമിന്റെ ഭാഗമാകുന്നതിന് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. ഇതെന്റെ അവസാനത്തെ ലോകകപ്പാണെന്ന് എനിക്ക് അറിയാം. എന്റെ അവസാന ഷോട്ടും അവസാന അവസരവുമാണ് 2026ലെ ലോകകപ്പ്. എന്തു വില കൊടുത്തും ഞാന്‍ അതില്‍ പങ്കെടുക്കും', നെയ്മര്‍ പറഞ്ഞു.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോള്‍ സ്‌കോററാണ് നെയ്മര്‍. 2023 ഒക്ടോബറില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഇടതുകാല്‍മുട്ടിന് പരിക്കേറ്റതിന് പിന്നാലെ കളിക്കളത്തിന് പുറത്താണ് നെയ്മര്‍. പിന്നീട് അല്‍ ഹിലാലിന് വേണ്ടി കളത്തിലിറങ്ങിയെങ്കിലും ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
Content Highlights: Neymar says FIFA 2026 World Cup will be his last