ബാഴ്സലോണയുടെ എക്കാലത്തെയും ഹിറ്റ് കോംബോയായ മെസ്സി-സുവാരസ്-നെയ്മര്‍ (എംഎസ്എന്‍) ത്രയം വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെ കുറിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. നിലവില്‍ മെസ്സിയും സുവാരസും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമി താരങ്ങളും നെയ്മര്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിന് വേണ്ടിയുമാണ് കളിക്കുന്നത്. എന്നാല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു തന്റെ മുന്‍ ബാഴ്‌സലോണ ടീമംഗങ്ങള്‍ക്കൊപ്പം വീണ്ടും ഒത്തുചേരാനുള്ള സാധ്യതയെ കുറിച്ച് നെയ്മര്‍ ആവേശം പ്രകടിപ്പിച്ചത്.
'മെസ്സിക്കും സുവാരസിനുമൊപ്പം വീണ്ടും കളിക്കുന്നത് തീര്‍ച്ചയായും അവിശ്വസനീയമായിരിക്കും. അവര്‍ എന്റെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഇപ്പോഴും മികച്ച സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. മൂന്ന് പേരും വീണ്ടും ഒരുമിക്കുന്നത് രസകരമായിരിക്കും', നെയ്മര്‍ പറഞ്ഞു.
🚨 Neymar on recreating the MSN with Messi and Suárez at Inter Miami: “The reunion with Messi and Suarez would be incredible!”.
— 💚🥷 (@NolimitGetmoney) January 8, 2025
“They are my friends, we still speak to each other. It’d be interesting to revive this trio. I’m happy at Al Hilal, but you never know in football”. pic.twitter.com/uJ76HCefEd
നിലവിലെ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് മെസ്സിയുടെയും സുവാരസിന്റേയും ക്ലബ്ബായ ഇന്റര്‍ മയാമിയിലേയ്ക്ക് ചേക്കേറുന്നതിനെ കുറിച്ചുള്ള സാധ്യതയെ കുറിച്ചും നെയ്മര്‍ സംസാരിച്ചു. 'അല്‍ ഹിലാലില്‍ ഞാന്‍ സന്തുഷ്ടനാണ്. സൗദി അറേബ്യയിലും ഞാന്‍ സന്തോഷവാനാണ്. പക്ഷേ ഭാവിയില്‍ എന്തെല്ലാം സംഭവിക്കുമെന്ന് ആര്‍ക്കുമറിയില്ല. ഫുട്‌ബോള്‍ സര്‍പ്രൈസുകള്‍ നിറഞ്ഞതാണ്', നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
ബാഴ്സലോണയുടെ സുവർണകാലത്തെ അടയാളപ്പെടുത്തിയ ആക്രമണനിരയാണ് എംഎസ്എൻ ത്രയം എന്നറിയപ്പെടുന്ന മെസ്സി, സുവാരസ്, നെയ്മർ കോംബോ. 2014-15 സീസൺ മുതൽ 2017 വരെയാണ് ഇവരുടെ കാലഘട്ടം. ഇക്കാലയളവിൽ 364 ഗോളുകളാണ് എംഎസ്എൻ ത്രയം ബാഴ്സക്കായി നേടിയത്. 2017ൽ നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കു ചേക്കേറി. പിന്നാലെ സുവാരസും മെസ്സിയും ക്ലബുവിട്ടതോടെ ആരാധകരെ ആവേശത്തിലാക്കിയ ഹിറ്റ് കോംബോ അവസാനിക്കുകയായിരുന്നു.
Content Highlights: Neymar hints at reunion with Lionel Messi and Luis Suarez